കോഴിഫാം വീണ്ടും തുറക്കുന്നു: ലൈസന്‍സ് രഹസ്യമായി പുതുക്കി

കരിന്തളം: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന കരിന്തളത്തെ കോഴിഫാം രഹസ്യമായി വീണ്ടും തുറക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം. ഈച്ച ശല്യത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയപ്പോള്‍ ജനകീയ സമരത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ ഏകദേശം 40,000 കോഴികളെ വളര്‍ത്തുവാന്‍ കഴിയുന്ന കോഴിഫാമാണ് ജനങ്ങളെ വെല്ലുവിളിച്ചും തെറ്റിദ്ധരിപ്പിച്ചും വീണ്ടും തുറക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നിരിക്കുന്നു. ഇന്ന് രാവിലെ സംഭവമറിഞ്ഞ് നിരവധി പേരാണ് ഫാമില്‍ തടിച്ച് കൂടിയത്. മുമ്പ് ഈച്ച ശല്യത്തില്‍ ജനജീവിതം ദുസ്സഹമായപ്പോള്‍ കോണ്‍ഗ്രസ് 185-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങുകയും പിന്നീട് ജനകീയ പ്രക്ഷോഭമായി മാറുകയും ചെയ്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി സംഭവം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫാം പുട്ടിയത്. ഇതാണ് വളരെ രഹസ്യമായി വാര്‍ഡ് മെമ്പറെ പോലും അറിയിക്കാതെ തുറക്കാന്‍ ശ്രമം നടക്കുന്നത്. കെട്ടിടത്തിന്റെ അറ്റകുറ്റപണിപൂര്‍ത്തിയാക്കി. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച സ്ഥാപനത്തിന് പഞ്ചായത്ത് രഹസ്യമായി ലൈസന്‍സും പുതുക്കി നല്‍കി. എന്ത് തന്നെ ആയാലും കോഴിഫാം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഉടമകളുടെയും പഞ്ചായത്തിന്റെയും ഈ ധിക്കാരപരമായ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷേഭത്തിന് നേതൃത്വം നല്‍കുമെന്ന് വാര്‍ഡ് മെമ്പര്‍ ഉമേശന്‍ വേളൂര്‍ പറഞ്ഞു.