തീവണ്ടി യാത്രാദുരിതത്തില്‍ അകപ്പെട്ട് ജനങ്ങള്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വഴി സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ തീവണ്ടികളിലും സദാസമയം വന്‍തിരക്ക്. ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകളില്‍ സൂചി കുത്താന്‍ ഇടമില്ലാതെ യാത്രക്കാര്‍ കടുത്തദുരിതത്തിലാണ്. ദീര്‍ഘദൂര യാത്രക്ക് റിസര്‍വേഷന്‍ ചെയ്യാമെന്നുവെച്ചാല്‍ ആഴ്ചകള്‍ക്ക് മുമ്പേ ഫുള്‍ ആവുന്നതിനാല്‍ ടിക്കറ്റ് കിട്ടുന്നില്ല.

പ്രത്യേകിച്ച് എല്ലാദിവസവും വൈകീട്ട് 5.45 ന് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന മാവേലി എക്സ്പ്രസിലും 6.15 ന് വിടുന്ന മലബാര്‍ എക്സ്പ്രസിലും തിരക്ക് മൂലം യാത്രക്കാര്‍ കൊടിയ ദുരിതമാണ് അനുഭവിക്കുന്നത്. കാസര്‍കോടിനും കോഴിക്കോടിനുമിടയിലുള്ള യാത്രയിലാണ് വലിയ തിരക്ക്. ആളുകള്‍ കമ്പാര്‍ട്ട്മെന്‍റുകള്‍ക്ക് പുറമെ കക്കൂസിലും ഇടവഴിയിലും നിന്നാണ് യാത്ര. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് മൂര്‍ദ്ധന്യാവസ്ഥയിലെന്ന് യാത്രക്കാര്‍ പറയുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് മാവേലിയെയാണ്. രാവിലെ 6 മണിയോടെ ട്രെയിന്‍ തിരുവനന്തപുരത്തെത്തുന്നതിനാല്‍ ഓഫീസുകളിലുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് പോകുന്നവരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് മാവേലി എക്സ്പ്രസിനെയാണ്. വൈകീട്ട് ജോലികഴിഞ്ഞ് പോകുന്ന ഉദ്യോഗസ്ഥരടക്കമുള്ളവരും ഈ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. വൈകുന്നേരങ്ങളില്‍ നിരവധി ട്രെയിനുകളുണ്ടെങ്കിലും ഇവയൊന്നും യാത്രാപ്രശ്നത്തിന് പരിഹാരമുകുന്നില്ല. 2 മണിക്ക് പുറപ്പെടുന്ന തിരുവനന്തപുരം എക്സ്പ്രസിന്‍റെ സ്ഥിതിയും തഥൈവ. ചെന്നൈ മെയിലിലും വലിയ തിരക്ക് അനുഭവപ്പെടുന്നു. രാവിലെ മഗലാപുരം ഭാഗത്തേക്ക് പോകുന്ന പഴയ പാസഞ്ചര്‍ ട്രെയിനിലും വലിയ തിരക്കാണനുഭവപ്പെടുന്നത്. രാവിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്കടക്കമെത്തേണ്ട നൂനുകണക്കിന് ഉദ്യോഗസ്ഥര്‍ ആശ്രയിക്കുന്നത് ഈ ട്രെയിനിനെയാണ്. വൈകുന്നേരങ്ങളില്‍ കോഴിക്കോട് ഭാഗത്തുനിന്നും മംഗലാപുരം ഭാഗത്തേക്ക് തീവണ്ടിയില്ലാത്തതും ദുരിതം വര്‍ദ്ധിക്കുന്നു. കോഴിക്കോടുനിന്നും വൈകീട്ട് 6 മണി കഴിഞ്ഞാല്‍ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള വണ്ടി ഇല്ല. പുലര്‍ച്ചെ എത്തുന്ന വെസ്റ്റ്കോസ്റ്റാണ് പിന്നീടുള്ള ട്രെയിന്‍.