ദേശീയപാത നിര്‍മ്മാണം: പാലങ്ങള്‍ തകരുന്നതില്‍ ജനങ്ങളില്‍ ആശങ്ക

മാവുങ്കാല്‍: ദേശീയപാതാ നവീകരണത്തിന്‍റെ ഭാഗമായി നിര്‍മ്മാണത്തിലിരിക്കുന്ന പാലങ്ങള്‍ തകരുന്നത് ജനങ്ങളില്‍ ആശങ്ക പരത്തുന്നു. നീലേശ്വരം- ചെര്‍ക്കള റീച്ചില്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ രണ്ട് പാലങ്ങളാണ് തകര്‍ന്ന് വീണത്. കഴിഞ്ഞദിവസം പുല്ലൂര്‍ പാലം തകര്‍ന്നിരുന്നു. ഇതിന് മുമ്പ് 2022 ഒക്ടോബര്‍ 28 ന് പെരിയയില്‍ നിര്‍മ്മാണത്തിലിരിക്കെ അടിപ്പാതയുടെ മേല്‍ഭാഗവും തകര്‍ന്നിരുന്നു. രണ്ട് പാലങ്ങളുടെയും നിര്‍മാണച്ചുമതല ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിങ് കമ്പനിക്കാണ്.

ചെര്‍ക്കള നീലേശ്വരം റീച്ചില്‍ പലസ്ഥലത്തും കമ്പനിയുടെ കീഴില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചിരുന്നു. കൂടാതെ മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാതെ നടത്തുന്ന നിര്‍മ്മാണജോലിയുടെ ഭാഗമായി വാഹനാപകടങ്ങളില്‍പ്പെട്ട് പെരിയാട്ടടുക്കം, പെരിയ, ചാലിങ്കാല്‍ എന്നിവിടങ്ങളില്‍ 5 പേര്‍ മരണപ്പെടുകയും ചെയ്തു. പുല്ലൂരിലെ പാലം നിര്‍മ്മിച്ചുകൊണ്ടിരിക്കെ തന്നെ നാട്ടുകാര്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. മതിയായ മേല്‍നോട്ടങ്ങളില്ലാതെ രാത്രികാലങ്ങളില്‍ മാത്രമാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. ഒച്ചിഴയും വേഗത്തിലാണ് ഇവിടെ നിര്‍മ്മാണം. പാലത്തിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചത്. നീലേശ്വരം പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്‍റെ നിര്‍മ്മാണവും മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് തന്നെയാണ്.

പുല്ലൂരിന്‍റെയും പെരിയയുടെയും അവസ്ഥതന്നെ നീലേശ്വരം പാലത്തിനും സംഭവിക്കുമോ എന്ന ആശങ്ക നീലേശ്വരത്തെ ജനങ്ങള്‍ക്കുമുണ്ട്. രണ്ടാഴ്ച മുമ്പ് പാലം നിര്‍മ്മിക്കുന്നതിന്‍റെ സമീപത്തായി രണ്ടുതവണ റോഡിന്‍റെ ഭാഗം ഇടിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് അടിയന്തിര അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്. പുല്ലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന സംഭവത്തില്‍ സെന്‍ട്രല്‍ വിജിലന്‍സിനെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസല്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്വമില്ലാത്ത കമ്പനിയെ കരാറില്‍ നിന്നും നീക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് ജില്ലാ കമ്മറ്റിയും ആവശ്യപ്പെട്ടു. നിര്‍മ്മിതികള്‍ക്ക് ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ടെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി.