അവാര്‍ഡ് തിളക്കത്തില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്ത്

കരിന്തളം: അവാര്‍ഡ് തിളക്കത്തില്‍ കിനാനൂര്‍ -കരിന്തളം. കിനാനൂര്‍ - കരിന്തളം ഗ്രാമപഞ്ചായത്തിലെ ആയുഷ് സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം.

കിനാവൂര്‍ ഗവ. ഹോമിയോ ഡിസ്പെന്‍സറി, പരപ്പ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി എന്നീ സ്ഥാപനങ്ങള്‍ക്കാണ് എന്‍ എ ബി എച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ദേശീയ പരിശോധനാ സംഘം ഇതിനായി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എന്‍ എ ബി എച്ച് നാഷണല്‍ അസസര്‍ ഡോ. ജിതിന്‍ കെ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിന്‍റെയും നാഷണല്‍ ആയുഷ് മിഷന്‍റെയും നേതൃത്വത്തില്‍ ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുന്തിയ പരിഗണന നല്‍കി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍, രോഗനിയന്ത്രണ സംവിധാനങ്ങള്‍, രോഗികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറല്‍, ഗുണനിലവാരമുള്ള പരിശോധനാ സംവിധാനങ്ങള്‍, പരിശീലന പരിപാടികള്‍, മരുന്നുകളുടെ ഗുണ നിലവാരമുള്ള സംഭരണവും വിതരണവും, സ്ഥാപനത്തിലെത്തുന്ന രോഗികളുടെ അഭിപ്രായം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചാണ് സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചത്. രണ്ട് സ്ഥാപനങ്ങളിലും യോഗ ഇന്‍സ്ട്രക്ടറുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് മികച്ച രീതിയില്‍ യോഗ പരിശീലനവും ലഭ്യമാണ്. കിനാനൂര്‍ -കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും പഞ്ചായത്ത് സെക്രട്ടറി ഷെജി തോമസ് , കിനാവൂര്‍ ഗവ. ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ.സുമേഷ് സി.എസ്, പരപ്പ ഗവ. ആയുര്‍വേദ ഡിസ്പെസറി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉഷ സി എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാരും നടത്തിയ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് സ്ഥാപനങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.