പൂച്ചക്കാട്: ദേശീയ അദ്ധ്യാപക ദിനമായ ഇന്ന് കാഞ്ഞങ്ങാട് വൈ എം സി എ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ പി.കെ.അബ്ദുള്‍റഹിമാന്‍ മാഷിനെ അദ്ദേഹത്തിന്‍റെ പൂച്ചക്കാട് തെക്കുപുറത്തെ വസതിയിലെത്തി ആദരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ബ്ലോ ക്ക് പഞ്ചായത്ത് അംഗവുമായിരുന്നു അബ്ദുള്‍ റഹിമാന്‍ മാഷ്. അജാനൂര്‍ ഗവ. മാപ്പിള എല്‍പി സ്കൂളില്‍ നിന്നാണ് വിരമിച്ചത്.
വൈ എം സി എ സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം അബ്ദുള്‍ റഹിമാന്‍മാഷിനെ പൊന്നാടയണിയിച്ചു. കാഞ്ഞങ്ങാട് വൈ എം സി എ പ്രസിഡണ്ട് സണ്ണിമാണിശേരി അധ്യക്ഷം വഹിച്ചു. വൈസ്മെന്‍സ് ഇന്‍റര്‍നാഷണലിന്‍റെ ഇന്‍റര്‍നാഷണല്‍ മുന്‍ ട്രഷറര്‍ ടി.എം.ജോസ്, പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.അബ്ബാസ്, നാഷണല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ലത്തീഫ്, സെബാസ്റ്റ്യന്‍ കൊറ്റത്തില്‍, സോണി കാരിക്കല്‍, ടി.പി.അബ്ദുള്‍റഹിമാന്‍ഹാജി, ടി.പി.മുഹമ്മദ്, ബടക്കന്‍ കുഞ്ഞബ്ദുള്ള, അബ്ദുള്‍റഹിമാന്‍ വീകോ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സാജു വെള്ളേപ്പള്ളി സ്വാഗതം പറഞ്ഞു.
ജന്മദേശത്തിന്‍റെ മുഖ്യ പത്രാധിപര്‍ കൂടിയായ മാനുവല്‍ കുറിച്ചിത്താനവും അബ്ദുള്‍ റഹിമാന്‍ മാഷും തമ്മിലുള്ള കൂടികാഴ്ച പൂര്‍വ്വകാല സൗഹൃദം പുതുക്കലായി മാറി. ജന്മദേശം പത്രം 1983ല്‍ അച്ചടിച്ചിരുന്നത് കോട്ടച്ചേരിയില്‍ പി.കെ.അബ്ദുള്‍ റഹിമാന്‍മാഷിന്‍റെ ഉടമസ്ഥയിലുള്ള ന്യൂ മുബാറക്ക് പ്രസില്‍ നിന്നായിരുന്നു. പി.രാഘവനുമായി പാട്ണര്‍ഷിപ്പില്‍ പത്രം പ്രസിദ്ധീകരിക്കുമ്പോഴാണ് ന്യൂ മുബാറക്ക് പ്രസില്‍ നിന്നും അച്ചടി തുടങ്ങിയത്. ഏതാനും മാസം പിന്നിട്ടതോടെ പി.രാഘവന്‍ ഓഫീസിലും പ്രസിലും വരാതായി. ഇതോടെ പത്രത്തില്‍ പ്രസിദ്ധീകരണം നിലച്ചു. ഇതിനിടയില്‍ 'നവത' എന്ന പേരിലുള്ള ലൈസന്‍സ് സംഘടിപ്പിച്ച് മാനുവല്‍ കുറിച്ചിത്താനവും പി.കെ.അബ്ദുള്‍ റഹിമാന്‍ മാഷും പാട്ണര്‍ഷിപ്പില്‍ ന്യൂ മുബാറക്ക് പ്രസില്‍ നിന്നും പത്രം പ്രസിദ്ധീകരിച്ചുതുടങ്ങി. എന്നാല്‍ അധികം വൈകാതെ മാനുവല്‍ കുറിച്ചിത്താനം ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സ്വന്തം പ്രസ് വാങ്ങി പ്രസ്തുത പ്രസില്‍ നിന്നും പിന്നീട് ജന്മദേശം പത്രം പുനഃരാരംഭിക്കുകയായിരുന്നു. ആദ്യ പാര്‍ട്ണര്‍ പി.രാഘവന്‍റെ പാര്‍ട്ണര്‍ഷിപ്പ് അവകാശം ഒഴിവാക്കിയ ശേഷമാണ് ജന്മദേശം പുനഃരാരംഭിച്ചത്. പിന്നീട് ജന്മദേശത്തിന്‍റെ പ്രസിദ്ധീകരണം നിലച്ചിട്ടില്ല. 41 കൊല്ലമായി അനുസ്യൂതം അത് തുടരുന്നു.