മുത്തലിബ് വധം: 11 കൊല്ലത്തിന് ശേഷം പ്രതി പിടിയില്‍

കാസര്‍കോട്: ഉപ്പളയില്‍ ഗുണ്ടാപ്പോരിന്‍റെ പേരില്‍ നടന്ന മുത്തലിബ് കൊലക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന വാറന്‍റ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.

കര്‍ണ്ണാടക, ഭദ്രാവതി, ദേവനഹള്ളിയിലെ സയ്യിദ് ആഷിഫി (24)നെയാണ് മഞ്ചേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. 2013 ഒക്ടോബര്‍ 24ന് രാത്രിയിലാണ് മണ്ണങ്കുഴി മൈതാനിക്ക് സമീപത്തെ മുത്തലിബ് കൊല്ലപ്പെട്ടത്. കാറില്‍ തന്‍റെ ഫ്ളാറ്റിലേക്ക് പോവുകയായിരുന്നു മുത്തലിബ്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്ന് പോകാന്‍ കഴിയുന്നതായിരുന്നു മുത്തലിബ് സഞ്ചരിച്ചിരുന്ന റോഡ്. പ്രസ്തുത റോഡിലെ ഒരു വളവിന് സമീപത്ത് പതിയിരുന്ന അക്രമികള്‍ കാറിന് നേരെ വെടിവെച്ച ശേഷം മുന്നിലേക്ക് ചാടി വീണു. അപകടം മനസ്സിലാക്കിയ മുത്തലിബ് കാര്‍ അമിത വേഗതയിലോടിച്ചു പോകുന്നതിനിടയില്‍ മതിലില്‍ ഇടിച്ചു. കാറിന്‍റെ ചില്ല് തകര്‍ത്ത അക്രമികള്‍ അകത്ത് കടന്ന ശേഷം മുത്തലിബിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തില്‍ കാലിയ റഫീഖ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് സയ്യിദ് ആഷിഫ് ഉപ്പളയിലെ വാടക വീട്ടില്‍ താമസിച്ച് ഓട്ടോ ഓടിച്ചു വരികയായിരുന്നു. ഈ സമയത്താണ് കൊലക്കേസില്‍ പ്രതിയായതെന്ന് പോലീസ് പറഞ്ഞു.