ചെറുപുഴ: കാര്‍ഷിക വിളകള്‍ മോഷ്ടിക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടുകയാണ് ചെറുപുഴയിലെ പ്രാപ്പൊയില്‍ പെരുന്തടത്തെയും പാറോത്തുംനീരിലെയും കര്‍ഷകര്‍.
മൂപ്പെത്തിയ അടയ്ക്കയും തേങ്ങയും പറിക്കാന്‍ ചെല്ലുമ്പോഴാണ് വിളകള്‍ കള്ളന്‍മാര്‍ കൊണ്ടുപോയതായി കര്‍ഷകര്‍ അറിയുന്നത്. ദിവസേന കൃഷിയിടത്തില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. കര്‍ഷകരുടെ കണ്ണ് തെറ്റിയാല്‍ അടയ്ക്കകള്‍ കുലയോടെ പറിച്ചെടുത്ത് കള്ളന്‍മാര്‍ സ്ഥലം വിടും. തേങ്ങയും കുലയോടെ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങളും നിരവധിയാണ്. സംശയമുള്ളവരെ ചോദ്യം ചെയ്താല്‍ ഭീഷണിയും അക്രമവുമായി. സ്വന്തം പറമ്പില്‍ കള്ളന്‍ കയറിയാല്‍ അത് കാണാത്ത മട്ടില്‍ നടന്നുപോകേണ്ട സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞദിവസം പെരുന്തടത്തെ വടക്കേടത്ത് മോന്‍സി ഐസക്കിന്‍റെ കൃഷിയിടത്തില്‍ നിന്നും പത്തോളം പഴുത്ത അടയ്ക്ക കുലകള്‍ മോഷണം പോയി. ഒരു കുലയില്‍ 200 മുതല്‍ 300 വരെ അടയ്ക്കകള്‍ ഉണ്ടാകാറുണ്ട്. മൂന്നേക്കറോളം വരുന്നതാണ് മോന്‍സിയുടെ കൃഷിയിടം. നല്ലരീതിയില്‍ പരിപാലിക്കുന്ന തെങ്ങും കവുങ്ങുമുള്ള തോട്ടത്തില്‍ നിന്ന് പലപ്പോഴായി തേങ്ങകളും മോഷണം പോകാറുണ്ടെന്ന് മോന്‍സി പറഞ്ഞു. സമീപത്തെ മറ്റു പല കര്‍ഷകരുടെയും തോട്ടങ്ങളില്‍ മോഷണം പതിവാണെന്ന് പ്രദേശവാസികളും പറയുന്നു. മോഷ്ടിക്കുന്ന കാര്‍ഷികവിളകള്‍ ഓട്ടോറിക്ഷകളില്‍ കൊണ്ടുപോകാനും കടകളില്‍ വിറ്റഴിക്കാനും പലരുടേയും സഹായം കിട്ടുന്നതായി സംശയിക്കുന്നു. കാട്ടുപന്നിയോടും കാലാവസ്ഥ വ്യതിയാനത്തോടും പടവെട്ടിയാണ് മലയോരത്തെ കര്‍ഷകര്‍ നാണ്യവിളകള്‍ വിളയിച്ചെടുക്കുന്നത്. അതിനിടയിലാണ് വിളകള്‍ മോഷ്ടിക്കുന്ന സംഭവങ്ങളും പെരുകുന്നത്. കാര്‍ഷിക വിളകള്‍ മോഷണം പോകുന്നതിനെതിരെ കര്‍ഷകര്‍ ചെറുപുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കള്ളന്‍മാരുടെ അക്രമം ഭയന്ന് പരസ്യമായി പ്രതികരിക്കാനും കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍.