വരുമാനത്തില്‍ കേരളത്തില്‍ ഒന്നാമന്‍; എന്നിട്ടും കാഞ്ഞങ്ങാടിനോട് അവഗണന

കാഞ്ഞങ്ങാട്: വരുമാനത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയോട് അധികൃതര്‍ക്ക് കടുത്ത അവഗണന.

പ്രാദേശിക സര്‍വീസുകളിലൂടെയാണ് കാഞ്ഞങ്ങാട് ഡിപ്പോ സംസ്ഥാനത്ത് വരുമാനത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നിട്ടും ഈ ഡിപ്പോക്ക് അര്‍ഹതപ്പെട്ട ഒരു ആനുകൂല്യങ്ങളും നല്‍കുന്നില്ല എന്നാണ് പരാതി. തീര്‍ത്തും നഷ്ടത്തിലോടുന്ന ടൗണ്‍ ടു ടൗണ്‍, സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തണമെന്നും പകരം ലോക്കല്‍ സര്‍വീസ് നടത്താന്‍കൂടുതല്‍ ബസുകള്‍ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് അനുവദിക്കണമെന്നും പലവട്ടം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ഇത് കേട്ട ഭാവം നടിക്കുന്നില്ല. നിലവില്‍ രാത്രി ആറുമണിക്ക് ശേഷം കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന നാല് ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളും കാഞ്ഞങ്ങാട് നിന്നും പുനലൂര്‍ പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകളും നഷ്ടത്തിലാണ്. അതേസമയം മാനന്തവാടി, ഇരിട്ടി ഫാസ്റ്റ് പാസഞ്ചറുകളും ബാംഗ്ലൂര്‍ ഡീലക്സ് ബസും ലാഭത്തിലാണ് സര്‍വീസ് നടത്തുന്നത്. നഷ്ടത്തിലുള്ള ടൗണ്‍ ടു ടൗണ്‍, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി പകരം കൂടുതല്‍ ആഭ്യന്തര സര്‍വീസിനുള്ള ബസ്സുകള്‍ അനുവദിക്കുകയും ചെയ്താല്‍ നിലവിലുള്ള ലാഭത്തില്‍ നിന്നും ഡിപ്പോയെ ഇരട്ടി ലാഭത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. നിലവില്‍ 53 ബസുകളാണ് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ഇതില്‍ 28 ബസുകളും സ്റ്റേ സര്‍വീസുകളാണ്. ഇവയെല്ലാം തന്നെ ലാഭത്തില്‍ ഓടുമ്പോള്‍ കാഞ്ഞങ്ങാട് നിന്നും ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തേക്ക് സര്‍വീസ് നടത്തുന്ന ബസ് മാത്രമാണ് ഇപ്പോള്‍ ഡിപ്പോയില്‍ നഷ്ടത്തില്‍ ഉള്ളത്. വേണ്ടത്ര ബസുകള്‍ ഇല്ലാത്തതിനാല്‍ ലാഭത്തിലായിരുന്ന നിരവധി ഗ്രാമീണ റൂട്ടുകളില്‍ ഇപ്പോള്‍ ബസ്സുകള്‍ സര്‍വീസ് നടത്താനും കഴിയുന്നില്ല. സര്‍വീസ് സംഘടനകള്‍ ജനപ്രതിനിധികളോ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവമായി ഇടപെടുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.