തേജസ്വിനിക്കരയില്‍ യുവാക്കളുടെ കുമ്പള കൃഷിയില്‍ ക്വിന്‍റല്‍ കണക്കിന് വിളവെടുപ്പ്

നീലേശ്വരം: കയ്യൂര്‍ തേജസ്വിനി പുഴയോരത്ത് സംഘശക്തിയില്‍ കൃഷിയിറക്കിയ കുമ്പളത്തിന് ക്വിന്‍റല്‍ കണക്കിന്വിളവെടുപ്പ്.

കയ്യൂരിലെ തേജസ്വിനി പുരുഷ സ്വയം സഹായ സംഘത്തിലെ ഇരുപതോളം അംഗങ്ങളാണ് കുമ്പള കൃഷിയില്‍ വിജയഗാഥ രചിച്ചത്. കയ്യൂര്‍ വയലില്‍ 250 ഓളം തടത്തില്‍ വിത്തിട്ട് നടത്തിയ കൃഷിയില്‍ 15 ക്വിന്‍റല്‍ കുമ്പളമാണ് വിളവെടുത്തത്. പൂര്‍ണ്ണമായും ജൈവ രീതിയിലായിരുന്നു ഇവരുടെ കൃഷി. ഓരോ ടീമുകളായി വെള്ളം നനക്കുകയും വളമിടുകയും ചെയ്യും. മറ്റു ജോലികള്‍ ഒഴിവു ദിവസങ്ങളില്‍ എല്ലാവരും കൂട്ടമായി ചേര്‍ന്നാണ് നടത്തുന്നത്. വിളവെടുത്ത കുമ്പളം കിലോയ്ക്ക് 20 രൂപയായി പ്രാദേശികമായി തന്നെ വില്‍പ്പന നടത്തുകയായിരുന്നു. ഇതേ കൂട്ടായ്മ തന്നെ നേരത്തെ മത്തനും വെള്ളരിയും ഇവിടെ വിജയകരമായി കൃഷി ഇറക്കിയിരുന്നു. കാര്‍ഷിക ഗ്രാമമായ കയ്യൂരിന്‍റെ കാര്‍ഷിക തനിമ നിലനിര്‍ത്തിക്കൊണ്ട് വൈവിധ്യങ്ങളായ കൃഷികള്‍ നടത്തി പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ഈ യുവാക്കളുടെ ലക്ഷ്യം.