ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് തൂങ്ങിമരിച്ചു

മുള്ളേരിയ: ഭാര്യയെ വീട്ടിനകത്ത് പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് വരാന്തയില്‍ തൂങ്ങിമരിച്ചു.

മുള്ളേരിയയിലെ ഒരു സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ പെര്‍ള, ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന് സമീപത്തെ കാര്യാട്ട് ഹൗസില്‍ കെ. പ്രവീണയാണ്(22)ഭാര്യയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ടശേഷം കെട്ടിതൂങ്ങി മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പ്രവീണും വീട്ടുകാരും ഒരു പൂജാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. എന്നാല്‍ ഭാര്യ ഇവരോടൊപ്പം പോയിരുന്നില്ല. പൂജ നടക്കുന്നതിനിടയില്‍ ഭാര്യയെ വിളിച്ചുകൊണ്ടുവരാമെന്നും പറഞ്ഞാണ് പ്രവീണ വീട്ടിലേക്ക് പോയത്. എന്നാല്‍പിന്നീട് ഇയാള്‍ പൂജാസ്ഥലത്തേക്ക് പോയില്ല. രാത്രി പൂജ കഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് പ്രവീണയെ വീട്ടുവരാന്തയില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടത്. ഭാര്യ മമത ഉറങ്ങികിടന്ന മുറി പുറത്തുനിന്നും പൂട്ടിയനിലയിലുമായിരുന്നു. പ്രവീണിനെ ഉടന്‍ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് കുമ്പള സഹകരണ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

പരേതനായ ആനന്ദയുടെയും ശാരദയുടെയും മകനാണ് പ്രവീണ്‍. ഏകമകള്‍: തന്‍വിക. സഹോദരങ്ങള്‍: പ്രശാന്ത്, പ്രകാശ്, പ്രദീപ്.