ബസ്റ്റോപ്പില്‍ മാനഭംഗം: യുവാവ് അറസ്ററില്‍

കാസര്‍കോട്: യുവതിയുടെ ചുമലില്‍ കൈവച്ച് ചുംബിക്കാന്‍ ശ്രമിക്കുകയും 'നീ എന്താ എനിക്ക് വഴങ്ങാത്തത്' എന്ന് ചോദിച്ച് കൈപിടിച്ച് മാനഹാനി വരുത്തുകയും ചെയ്തുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുഞ്ചത്തൂര്‍, ജലാലിയ മസ്ജിദിന് സമീപത്തെ സന്നടുക്ക ഹൗസിലെ സുനില്‍കുമാറിനെയാണ് (38) മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രന്‍ അറസ്റ്റു ചെയ്തത്. 2026 ജനുവരി 26നും ഫെബ്രുവരി എട്ടിനുമാണ് കേസിനാസ്പദമായ സംഭവം. കുഞ്ചത്തൂര്‍, മാസ്ക്കോ ഹാളിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ വെച്ച് ജനുവരി 26നാണ് ആദ്യ സംഭവം. കയ്യില്‍ കയറിപ്പിടിച്ച് വഴങ്ങാത്തത് എന്തേയെന്ന് ചോദിച്ചതായാണ് പരാതി. രണ്ടാമത്തെ സംഭവം ഫെബ്രുവരി എട്ടിന് ഞായറാഴ്ച രാത്രി 11.30 മണിയോടെ ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ തറവാട് വീട്ടില്‍ വെച്ചായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. അറസ്റ്റിലായ സുനില്‍കുമാര്‍ പരാതിക്കാരിയെ ബൈക്കില്‍ നിരന്തരം പിന്തുടരുകയും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.