കാസര്‍കോട്: പൂഴി ഊറ്റല്‍ സംഘത്തിനെതിരെ കുമ്പള പോലീസ് നടപടി കൂടുതല്‍ കര്‍ശനമാക്കി. മണല്‍വാരല്‍ സംഘം പുഴയില്‍ മുക്കി ഒളിപ്പിച്ചിരുന്ന അഞ്ചു തോണികള്‍ ഷിറിയ പുഴയിലെ ഉളുവാര്‍ മാക്കൂറില്‍ നിന്ന് പോലീസ് ഇന്നലെ സന്ധ്യക്ക് മുങ്ങിയെടുത്ത് കരക്കെത്തിച്ചു. പിന്നീട് ഈ തോണികള്‍ ജെ സി ബി കൊണ്ട് കുത്തിപ്പൊളിച്ചു. രാത്രി ബദരിയ നഗറില്‍ അനധികൃത മണലുമായി പോവുകയായിരുന്ന ടിപ്പര്‍ പിടിച്ചു. എസ് ഐ വിപിന്‍, അഡീഷണല്‍ എസ് ഐ ഉമേഷ്, മനോജ്, അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണല്‍വേട്ട. മണല്‍ കടത്തിനെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.