കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു കോളേജിന് എതിര്‍വശത്തെ സണ്‍കെയര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടം പൊളിച്ചുനീക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി കെട്ടിട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് കെട്ടിട ഉടമകള്‍ക്ക് രജിസ്ട്രേഡ് തപാലില്‍ അയച്ചു. ഉത്തരവിന്‍റെ കോപ്പി ആശുപത്രി കെട്ടിടത്തില്‍ പതിക്കുകയും ചെയ്തു.
തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന് ഇതേവരെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി നമ്പര്‍ നല്‍കിയിട്ടില്ല. തികച്ചും അനധികൃത നിര്‍മ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചുനീക്കാന്‍ നഗരസഭാ സെക്രട്ടറി കെട്ടിട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഡോ.ഇബ്രാഹിംകുഞ്ഞി നാല് പതിറ്റാണ്ട് മുമ്പ് മഹാത്മാ മെമ്മോറിയല്‍ ആശുപത്രി നടത്തിയിരുന്നു. ഒറ്റനില കെട്ടിടത്തിലായിരുന്നു ആശുപത്രി. എന്നാല്‍ ഇബ്രാഹിംകുഞ്ഞിയുടെ മൂന്ന് പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്‍മാരും ഡോക്ടര്‍മാരായതോടെ ആശുപത്രി വിപുലീകരിക്കാന്‍ തീരുമാനിക്കുകയും നാല് നിലകെട്ടിടം നിര്‍മ്മിക്കുകയുമായിരുന്നു.
പുഴയില്‍ നിന്നും നൂറ് മീറ്റര്‍ അകലെമാത്രമേ ബഹുനില കെട്ടിടം നിര്‍മ്മിക്കാന്‍ പാടുള്ളൂവെന്നാണ് തീരദേശ പരിപാലന നിയമം. എന്നാല്‍ സണ്‍കെയര്‍ ആശുപത്രി കെട്ടിടവും പുഴയും തമ്മില്‍ 43.50 മീറ്റര്‍മാത്രമാണ് അകലം. ഡോ.ഇബ്രാഹിംകുഞ്ഞിയുടെ മക്കളായ ഡോ.ജമീല.സി, ഡോ.സറീന.സി, ഡോ.ജസീല.സി എന്നിവരാണ് ആശുപത്രിയുടെ ഉടമകള്‍. ഇതില്‍ ഡോ.സറീനയുടെ പരാതിയിലാണ് നഗരസഭയുടെ നടപടി. ഈ ആശുപത്രി കെട്ടിടം സ്ഥിതിചെയ്യുന്ന സ്വത്ത് ഓഹരിവെക്കണമെന്ന് ഡോ.സറീന നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഹോദരിമാരായ മറ്റ് രണ്ട് ഡോക്ടര്‍മാരും അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതാണ് ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് ഉടമകളില്‍ ഒരാളായ സറീന നഗരസഭക്ക് പരാതി നല്‍കാന്‍ കാരണം. കൂടാതെ കേരള ഹൈക്കോടതിയിലും നഗരസഭയെ എതിര്‍കക്ഷിയാക്കി സറീന ഹരജി ഫയല്‍ചെയ്തിട്ടുണ്ട്. സണ്‍കെയര്‍ ആശുപത്രിക്ക് വേണ്ടി ഡോ.ഇബ്രാഹിംകുഞ്ഞിയുടെ താമസസ്ഥലത്തിനോട് ചേര്‍ന്ന് മാലിന്യപ്ലാന്‍റ് നിര്‍മ്മിച്ചിരുന്നു. ഈ പ്ലാന്‍റ് ഉപയോഗിക്കാന്‍ പാടില്ലെന്ന് പരിസരമലിനീകരണ ബോര്‍ഡ് അധികൃതര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ചുരുക്കത്തില്‍ മാലിന്യം ഒഴുക്കാന്‍ പോലും സൗകര്യങ്ങളില്ലാതെയാണ് ബഹുനില കെട്ടിടം നിര്‍മ്മിച്ച് ആശുപത്രി തുറന്നത്.
ഏതാനും വര്‍ഷങ്ങളായി ആശുപത്രിയുടെ നടത്തിപ്പ് ആശുപത്രി ഉടമകള്‍ മറ്റ് ചിലരെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഇബ്രാഹിംകുഞ്ഞിയുടെ മൂന്ന് പെണ്‍മക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ട്. ഒരാള്‍ ഒരുപക്ഷത്തും രണ്ടുപേര്‍ മറുപക്ഷത്തുമാണ്. ആശുപത്രിയെ ചൊല്ലി അടുത്തകാലത്ത് ഏറെ തര്‍ക്കങ്ങളുണ്ടായി. ഇബ്രാഹിംകുഞ്ഞി ഡോക്ടറുടെ കള്ള ഒപ്പിട്ട് പൊലൂഷന്‍ബോര്‍ഡില്‍ സത്യവാങ്ങ്മൂലം നല്‍കിയത് സംബന്ധിച്ച് മൂന്നുപേരെ പ്രതികളാക്കി ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അന്വേഷണം നടന്നുവരികയാണ്.