മയക്കുമരുന്ന് കേസില്‍ ഒളിവിലായ ലാവ സമീര്‍ അറസ്ററില്‍

രാജപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ രാജപുരം പോലീസ് അറസ്റ്റുചെയ്തു.

അജാനൂര്‍ തെക്കേപ്പുറത്തെ ലാവ സമീറിനെയാണ് ഇന്ന് രാവിലെ രാജപുരം പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ കെ കാളിദാസും സംഘവും ചേര്‍ന്ന് തെക്കേപ്പുറത്തെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 4 ന് പുലര്‍ച്ചെ വാഹനപരിശോധനക്കിടെ സമീറും സുഹൃത്ത് രാവണേശ്വരം കൊട്ടിലങ്ങാട്ടെ സി.കെ.റഷീദും സഞ്ചരിച്ച കാറില്‍ നിന്നും 3.410 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. റഷീദിനെ പോലീസ് അറസ്റ്റുചെയ്തെങ്കിലും സമീര്‍ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സമീര്‍. കഴിഞ്ഞ ഒക്ടോബറില്‍ ബദിയടുക്ക മുക്കംപാറയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയുടെ മാറില്‍ കയറി പിടിക്കുകയും വലിച്ചുകീറി അപമാനിക്കുകയും ചെയ്തുവെന്ന കേസിലും ഇയാള്‍ പ്രതിയാണ്. യുവതിയുടെ ഭര്‍ത്താവിനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ യുവതിയെ കയറിപിടിച്ച് അപമാനിച്ചത്. പാണത്തൂരില്‍ മയക്കുമരുന്ന് കേസില്‍ രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കണ്ടെത്താന്‍ രാജപുരം പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സമീര്‍ കഴിഞ്ഞദിവസം വീട്ടിലെത്തിയതായി പോലീസിന് രഹസ്യവിവരം ലഭിക്കുകയും പിടികൂടുകയും ചെയ്തത്. ഇയാളെ ഉച്ചകഴിഞ്ഞ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.