പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് മെലിഞ്ഞ് മുണ്ടുടുത്ത മധ്യവയസ്ക്കന്‍

പടന്നക്കാട്: കാഞ്ഞങ്ങാടിന് സമീപത്തെ തീരദേശ മേഖലയില്‍ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പോലീസ് മേധാവി പി. ബിജോയിയുടെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി വി.വി ലതീഷ്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി.കെ സുനില്‍കുമാര്‍, ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് നാടിനെ ഞെട്ടിച്ച കേസ് അന്വേഷിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ഒരു മുറിയിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളും അനുജത്തിയും കിടന്നിരുന്നത്. അതിക്രമത്തിനിരയായ പെണ്‍കുട്ടി മുത്തച്ഛനും മുത്തശ്ശിക്കും ഒന്നിച്ച് മറ്റൊരു മുറിയിലുമാണ് പതിവായി കിടക്കാറ്. കഴിഞ്ഞ ദിവസം മുത്തശ്ശി മറ്റൊരു സ്ഥലത്തേക്ക് പോയിരുന്നതിനാല്‍ പെണ്‍കുട്ടിയും മുത്തശ്ശനും മാത്രമാണ് ഒന്നിച്ച് കിടന്നത്. മുത്തശ്ശന്‍ പതിവ് പോലെ പുലര്‍ച്ചെ കറവ ജോലിക്കായി പോയി. പോകുന്ന സമയത്ത് വീടിന്‍റെ പുറത്തേക്കുള്ള വാതില്‍ ചാരുക മാത്രമേ ചെയ്തിരുന്നുള്ളു. തൊട്ടുപിന്നാലെ എത്തിയ അക്രമി പ്രസ്തുത വാതില്‍ തുറന്ന് അകത്ത് കടന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ ഉറക്കത്തില്‍ നിന്നുതന്നെ എടുത്തുകൊണ്ട് പോവുകയായിരുന്നു. പുലര്‍ച്ചെയായതിനാല്‍ നല്ല ഉറക്കത്തിലായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ ഉറക്കം ഉണര്‍ന്ന് ബഹളം വെക്കാന്‍ ഒരുങ്ങിയെങ്കിലും വായ പൊത്തിപ്പിടിച്ച് അക്രമി അത് തടഞ്ഞു. ശബ്ദമുണ്ടാക്കിയാല്‍ കൊന്ന് കളയുമെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് കമ്മല്‍ ഊരിയെടുത്തതും പീഡിപ്പിച്ചതും.

അതിക്രമത്തിനിരയായ കുട്ടി സമീപത്തെ വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. നന്നായി മലയാളം സംസാരിക്കുന്ന ആളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കി. കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച ആള്‍ മുഖം തിരിച്ചറിയാതിരിക്കാനായി മാസ്ക് ധരിച്ചിരുന്നു. മധ്യവയസ്കനാണെന്നും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവനാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അക്രമിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇന്നലെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും അക്രമിയെ തിരിച്ചറിയാന്‍ കഴിയുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പോലീസ് നായയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണത്തിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഇന്നും സംഭവസ്ഥലത്തെത്തി. വീടിനെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും വ്യക്തമായി അറിയുന്ന ആളായിരിക്കും അക്രമിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ പൊതുവെയുള്ള വിലയിരുത്തല്‍. പെണ്‍കുട്ടിയുടെ വീടിനെ കുറിച്ചുള്ള ഓരോ ചലനങ്ങളും അറിയുന്ന ആളാവാനാണ് സാധ്യത. ഇതിനിടയില്‍ പോലീസ് കാഞ്ഞങ്ങാട്ടും പരിസരത്തും വ്യാപകമായി നടത്തിയ പരിശോധനയില്‍ സംശയസാഹചര്യത്തില്‍ കണ്ട നിരവധിപേര്‍ അറസ്റ്റിലായി.