റോഡിന്‍റെ ശോചനാവസ്ഥ: തൊഴിലാളികള്‍ വാഴനട്ടു

പടന്നക്കാട്: പടന്നക്കാട് ടൗണില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന രണ്ട് പ്രധാനപ്പെട്ട സര്‍വ്വീസ് റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ട് മാസങ്ങളോളമായി. വിദ്യാര്‍ത്ഥികള്‍, രോഗികള്‍ അടക്കം നിരവധി ആളുകള്‍ ദിവസേന കടന്നുപോകുന്ന സര്‍വ്വീസ് റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് നിരന്തരം അധികാരികളുടെ മുമ്പിലും, ഉദ്യോഗസ്ഥന്മാരുടെ മുമ്പിലും ആവശ്യപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്ത സാഹചര്യം ഉണ്ടായതോടെ പടന്നക്കാട് ഓട്ടോ സ്റ്റാന്‍ഡിലെ സംയുക്ത തൊഴിലാളി യൂണിയന്‍റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രതിഷേധം കണ്ടിട്ടും അധികാരികള്‍ കണ്ണ് തുറന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ റോഡ് ഉപരോധം അടക്കമുള്ള ശക്തമായ ജനകീയ സമരത്തിന് തൊഴിലാളികള്‍ നേതൃത്വം കൊടുക്കുമെന്ന് അറിയിച്ചു. പടന്നക്കാട് നടന്ന പ്രതിഷേധ പ്രകടനത്തിന് വിജയന്‍, മുഹമ്മദ് കുഞ്ഞി, ബാലകൃഷ്ണന്‍,അബ്ദുള്ള, ജലീല്, പ്രകാശന്‍, കുഞ്ഞ്അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പടന്നക്കാട് ടൗണില്‍ ചേര്‍ന്ന പ്രതിഷേധ സംഗമത്തില്‍ ബാബു മരക്കാപ്പ്, ഖാലിദ്, ഓ വി വേണു, രഘു, രതീഷ്, അനീഷ്, ഇര്‍ഷാദ്, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.