അമ്പലത്തറ: രണ്ട് കൊള്ളപലിശക്കാരുടെ ഭീഷണിയും സമ്മര്‍ദ്ദവും മൂലമാണ് തന്റെ മകന്‍ ജീവനൊടുക്കിയതെന്ന പരാതിയുമായി മാതാവ് രംഗത്ത്. മാര്‍ച്ച് 8 ന് പൂച്ചക്കാട്ടെ വാടകവീട്ടില്‍ തൂങ്ങിമരിച്ച എം.നദീറിന്റെ (33) മാതാവ് അമ്പലത്തറ കുതിരുമ്മല്‍ വീട്ടില്‍ കെ.പി.മറിയയാണ് മകന്റെ ആത്മഹത്യയുടെ പിന്നിലെ കാരണം അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നത്. ഇതുസംബന്ധിച്ച് മറിയ ബേക്കല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. ആത്മഹത്യചെയ്ത നദീര്‍ മൂന്നുകൊല്ലം മുമ്പ് അമ്പലത്തറയിലെ ഒരു കൊള്ളപലിശക്കാരനില്‍ നിന്നും ഒരുലക്ഷത്തിന് പ്രതിമാസം 10 രൂപ പലിശ പ്രകാരം മൂന്ന് ലക്ഷം രൂപയും മറ്റൊരു ബ്ലേഡുകാരനില്‍ നിന്നും പ്രതിമാസം 100 രൂപക്ക് ഏഴ് രൂപ പ്രകാരം ഒരുലക്ഷം രൂപയും കടം വാങ്ങിയിരുന്നു. ജനുവരി മാസം വരെ മൂന്ന് ലക്ഷം കടംകൊടുത്ത വ്യക്തിക്ക് എല്ലാമാസവും കൃത്യമായി 30,000 രൂപയും ഒരുലക്ഷം കടംകൊടുത്ത വ്യക്തിക്ക് പ്രതിമാസം 7000 രൂപയും വീതം പലിശ നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍മൂലം പലിശനല്‍കുന്നതില്‍ രണ്ടുമാസം വീഴ്ച സംഭവിച്ചു. ഇതേതുടര്‍ന്ന് കൊള്ളപലിശക്കാരനും ബ്ലേഡ് പലിശക്കാരനും നിരന്തരം വീട്ടില്‍കയറിയിറങ്ങി നദീറിനെയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്തുവത്രെ. ഇതേതുടര്‍ന്ന് മാനസീകമായി തളര്‍ന്നാണ് മകന്‍ ജീവനൊടുക്കിയതെന്ന് മാതാവ് മറിയ ബേക്കല്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
നദീര്‍ ഏറെക്കാലം കുവൈത്തിലായിരുന്നു. കുവൈത്തില്‍ ജോലിചെയ്യുമ്പോള്‍ രണ്ട് ബ്ലേഡുകാര്‍ക്കും കൃത്യമായി പലിശ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് നാട്ടില്‍ തിരിച്ചെത്തിയതാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്. നാട്ടിലെത്തി മത്സ്യകച്ചവടം തുടങ്ങിയെങ്കിലും കുടുംബം പോറ്റാനും ബ്ലേഡുകാര്‍ക്ക് പലിശനല്‍കാനും വരുമാനം തികയാതെയായി. ഇത് നദീറിന്റെ ജീവിതം അവസാനിപ്പിക്കാന്‍ കാരണമായി. ബാങ്കിലെ നിക്ഷേപത്തിന് പോലും പലിശ വാങ്ങരുതെന്ന് അനുശാസിക്കുന്ന സമുദായത്തില്‍പ്പെട്ടവരാണ് രണ്ട് കൊള്ളപലിശക്കാരും. അധികം പലിശ വാങ്ങുന്നവരെയാണ് ബ്ലേഡുകാരെന്നും കൊള്ളപലിശക്കാരെന്നും ജനങ്ങള്‍ വിളിക്കുന്നത്. ഇത് ബ്ലേഡും കൊള്ളയുമല്ല. കോടാലിയാണ്. നൂറ് രൂപക്ക് കൊല്ലം 120 രൂപ പലിശ. നദീര്‍ ആത്മഹത്യചെയ്തതോടെ കുടുംബത്തിന്റെ ജീവിക്കാനുള്ള വഴി മുടങ്ങി.