സിസിടിവിയില്‍ കണ്ടത് കുറുവാസംഘമല്ലെന്ന് പോലീസ്

പടന്നക്കാട്: ഒരു വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ആളുകള്‍ കുറുവാ സംഘങ്ങളല്ലെന്ന് പോലീസ്. ഇതോടെ രണ്ട് ദിവസമായി നീണ്ട ആശങ്കകള്‍ക്ക് പരിഹാരമായി. പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ മലപ്പുറത്തുനിന്ന് പ്ലംമ്പിങ് ജോലി അന്വേഷിച്ച് വന്ന യുവാക്കളാണെന്ന് കണ്ടെത്തി. ഇവരെ സംശയിക്കത്തക്ക ഒന്നും ഇല്ലെന്ന് പോലീസ് അറിയിച്ചു. പടന്നക്കാടിന് സമീപത്തെ ഒരു വീട്ടിലെ സി.സി.ടി.വി ക്യാമറയിലാണ് വീട് നിരീക്ഷിച്ച് നടന്ന് പോകുന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. സംസ്ഥാനത്ത് കുറുവ സംഘത്തിന്‍റെയടക്കം കവര്‍ച്ചാസംഘങ്ങള്‍ ഭീഷണിയായിരിക്കെയാണ് രണ്ടുപേരെ സംശയിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിടുകയും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ക്യാമറയില്‍ പതിഞ്ഞ യുവാക്കളെ വ്യാഴാഴ്ച രാത്രി നീലേശ്വരം പോലീസ് കണ്ടെത്തിയത്. താമസിച്ച വീട് അന്വേഷിക്കുകയായിരുന്നുവെന്നാണ് യുവാക്കളില്‍ നിന്ന് വ്യക്തമായത്. അതേസേമയം വെള്ളിയാഴ്ച രാവിലെ നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംശയാസ്പദമായ രീതിയില്‍ മൂന്നുപേര്‍ നടക്കുന്നതായി പോലീസില്‍ വിവരം ലഭിച്ചിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്റ്റേഷന് പരിസരത്ത് ജോലി ചെയ്യുന്ന വിറക് വെട്ട് തൊഴിലാളികളാണ് അവരെന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശികളാണ് തൊഴിലാളികള്‍.