കാസര്‍കോട് മണ്ഡലത്തില്‍ വീട്ടിലെ വോട്ടില്‍ കള്ളവോട്ട്; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ കല്യാശ്ശേരി പാറക്കടവില്‍ സിപിഎം നേതാവ് 92 വയസുകാരിയുടെ കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി.

ഇതേതുടര്‍ന്ന് പോളിംങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്പെന്‍റ് ചെയ്തു. വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തില്‍ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശ്ശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്‍റുമായ ഗണേഷന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ദേവിയുടെ കയ്യില്‍ നിന്നും ബാലറ്റ് പേപ്പര്‍വാങ്ങി ഗണേശന്‍ വോട്ട് ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്‍റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെയാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ ക്കെതിരെ അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.