ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: സമവായ സാധ്യത പൊളിയുന്നു

കാഞ്ഞങ്ങാട്: ഏപ്രില്‍ 2 ന് നടക്കുന്ന ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിന് ഇന്ന് പത്രിക സമര്‍പ്പണം തുടങ്ങി. ഇന്നലെ നിരവധി അഭിഭാഷകര്‍ വരണാധികാരിയില്‍ നിന്നും നോമിനേഷന്‍ പേപ്പര്‍ വാങ്ങിയിട്ടുണ്ട്. ലോയേഴ്സ് കോണ്‍ഗ്രസ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ സമവായത്തിനായി ലോയേഴ്സ് യൂണിയനുമായും അഭിഭാഷക പരിഷത്തുമായും ലോയേഴ്സ് കോണ്‍ഗ്രസ് നേതാക്കളായ എം.സി.ജോസും പി.നാരായണനും രഹസ്യമായും പരസ്യമായും ചര്‍ച്ചകള്‍ നടത്തി. പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ ഒഴികെ മറ്റ് ചില അപ്രസക്തമായ സ്ഥാനങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തു. എന്നാല്‍ പൂര്‍ണ്ണമനസ്സോടെ ലോയേഴ്സ് യൂണിയനും അഭിഭാഷക പരിഷത്തും അത് സ്വീകരിച്ചിട്ടില്ല. എന്തായാലും മത്സരമില്ലാതെ തന്‍റെ പ്രിയപ്പെട്ട ശിഷ്യനെ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടാക്കാമെന്ന എം.സി.ജോസിന്‍റെ ആഗ്രഹം പൊളിയാനാണ് സാധ്യത.

265 അഭിഭാഷകര്‍ക്കാണ് ബാര്‍ അസോസിയേഷനില്‍ വോട്ടവകാശം. ഇതില്‍ 140 ഓളം അഭിഭാഷകര്‍ ലോയേഴ്സ് കോണ്‍ഗ്രസില്‍ അംഗങ്ങളാണ്. തനിച്ച് മത്സരിച്ചാല്‍ പാട്ടുംപാടി ജയിക്കാന്‍ ഭൂരിപക്ഷമുണ്ടായിരിക്കെ ജോസും നാരായണനും പിന്തുണതേടി മറ്റ് സംഘടനകളുടെ പിന്നാലെ നടക്കുന്നത് ലോയേഴ്സ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. തന്നെയുമല്ല സ്വന്തം മുന്നണിയില്‍പ്പെട്ട മുസ്ലീംലീഗ് അടക്കമുള്ള സംഘടനകളുടെ വോട്ട് ഉറപ്പാക്കാനും ജോസ്-നാരായണന്‍ കൂട്ടുകെട്ട് വേണ്ടവിധം ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ലോയേഴ്സ് കോണ്‍ഗ്രസിന്‍റെയും യൂണിയന്‍റെയും അഭിഭാഷക പരിഷത്തിന്‍റെയും ലേബലിലല്ലാതെ സ്വതന്ത്രരായി മത്സരിച്ച് ഒറ്റക്കൊറ്റക്ക് അഭിഭാഷകരുടെ വോട്ടുവാങ്ങുകയെന്നതാണ് ചില അഭിഭാഷകരുടെ ലക്ഷ്യം. ഇന്ന് 3 മണിവരെയാണ് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയം. ഇന്നുതന്നെ സൂക്ഷ്മപരിശോധന നടക്കും. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. തുടര്‍ന്ന് രണ്ടാംതീയ്യതിവരെ വോട്ടുപിടുത്തത്തിനുള്ള സമയമാണ്. ലോയേഴ്സ് കോണ്‍ഗ്രസിന് 140 വോട്ടുകളുണ്ടെങ്കിലും സംഘടനയിലെ അതൃപ്തരുടെ വോട്ട് സ്വതന്ത്രര്‍ക്ക് ചോരുമെന്നുറപ്പാണ്. കഴിഞ്ഞകാലങ്ങളില്‍ ബാര്‍ അസോസിയേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പതിനഞ്ചോളം സ്ഥാനാര്‍ത്ഥികളുണ്ടെങ്കിലും സ്ഥാനാര്‍ത്ഥികളുടെ ബാലറ്റ് പേപ്പറില്‍പോലും മുഴുവന്‍ വോട്ടും പാനലിന് രേഖപ്പെടുത്തിയ സംഭവങ്ങള്‍ അപൂര്‍വ്വമാണ്. സ്ഥാനാര്‍ത്ഥിപോലും അതേപാനലിലെ മറ്റുള്ളവര്‍ക്ക് പൂര്‍ണ്ണമായും വോട്ട് ചെയ്യാറില്ലെന്ന് ചുരുക്കം. ഇത്തവണയും അങ്ങനെ സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. ലോയേഴ്സ് കോണ്‍ഗ്രസിന്‍റെ വോട്ട് ചോര്‍ച്ച തടയാന്‍ വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് മറ്റുള്ളവരെ കാണിക്കണമെന്ന നിബന്ധന ജോസിന്‍റെയും നാരായണന്‍റെയും ആരാധകര്‍ മുമ്പോട്ട് വെക്കുന്നുണ്ട്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് മറ്റുള്ളവരെ കാണിക്കാനാണെങ്കില്‍ ബാലറ്റ് ആവശ്യമില്ലെന്നും പരസ്യമായി കൈ ഉയര്‍ത്തിയാല്‍ മതിയെന്നും ഇതിന് ചിലര്‍ മറുപടി നല്‍കുന്നുണ്ട്. ബാലറ്റില്‍ രഹസ്യമായി വോട്ട് രേഖപ്പെടുത്തുന്നത് ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാണ്. വോട്ട് രേഖപ്പെടുത്തി അത് മറ്റുള്ളവരെ കാണിക്കണമെന്ന് ശാഠ്യം പിടിക്കുന്നത് ഏകാധിപത്യ പ്രവണതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സ്ഥാനങ്ങള്‍ കൊടുത്ത് ബാര്‍ അസോസിയേഷന്‍ ഒന്നാകെ വരുതിയിലാക്കാമെന്ന ചിലരുടെ സ്വപ്നം രണ്ടാംതീയ്യതിയോടെ തകര്‍ന്നടിയാനാണ് സാധ്യത. പ്രസിഡണ്ട് സ്ഥാനത്തേക്ക് ടി.കെ.അശോകനും ബെന്നിസെബാസ്റ്റ്യനും നോമിനേഷന്‍ സമര്‍പ്പിച്ചു. ബെന്നി ട്രഷറര്‍ സ്ഥാനത്തേക്കും പത്രിക നല്‍കി. പത്രിക സമര്‍പ്പണം തുടരുകയാണ്.