കാസര്‍കോട്: കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് 26000 രൂപ മോഷ്ടിച്ച വിരുതന് അറസ്റ്റില്‍. ചെങ്കള സന്തോഷ് നഗര്‍ സ്വദേശിയും നെല്ലിക്കട്ട ശക്തി നഗറില്‍ താമസക്കാരനുമായ ബി കെ മോയ്തീന് നിസാഫി (38)നെയാണ് ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ഇന്നലെ പട്ടാപ്പകലാണ് കേസിനാസ്പദമായ മോഷണം നടന്നത്. ബോവിക്കാനം, അമ്മങ്കോട്, ഗോളിയടുക്കം സ്വദേശി പുരുഷോത്തമന്റെ സ്കൂട്ടറില്‍ നിന്നാണ് പണം മോഷണം പോയത്. ചെര്‍ക്കള- ജാല്‍സൂര്‍ റോഡിലെ എട്ടാംമൈലിലുള്ള സ്വന്തം സ്ഥാപനത്തിന്റെ മുന്നിലാണ് പുരുഷോത്തമന് സ്കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നത്. ബൈക്കിലെത്തിയ സംഘമാണ് മോഷണത്തിനു പിന്നിലെന്നു തുടക്കത്തില്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു. സ്ഥലത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.