പുലിപ്പേടിയില്‍ നാട് : ക്യാമറകള്‍ സ്ഥാപിച്ചു; പട്രോളിങ് ശക്തമാക്കി

കരിന്തളം: ചോയ്യംകോട് കക്കോലില്‍ പുലിയെ കണ്ടതായുള്ള വാര്‍ത്താ പരന്നതോടെ നാട്ടുകാര്‍ക്കിടയില്‍ ആശങ്കയേറി. ഇന്നലെ രാവിലെ ആറു മണിയോടെ കക്കോല്‍ പള്ളത്തിന് സമീപം ജിഷ്ണു എന്ന യുവാവാണ് പുലിയെ കണ്ടത് യുവാവ് പകര്‍ത്തിയ പുലിയുടെ വീഡിയോ സജീവ ചര്‍ച്ച ആവുകയും ചെയ്തു. നാട്ടുകാര്‍ വിവരം നല്‍കിയത് അടിസ്ഥാനത്തില്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും തെളിവുകള്‍ ഒന്നും ശേഖരിക്കുവാന്‍ കഴിഞ്ഞില്ല. പാറപ്രദേശമായതിനാല്‍ തെളിവുകള്‍ ലഭ്യമാകാന്‍ സാധ്യതയും കുറവാണെന്ന് ഫോറസ്റ്റ് അധികൃതര്‍ പറയുന്നു. വീഡിയോയില്‍ കണ്ടത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുലിയെ നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് രണ്ട് സ്ഥലങ്ങളിലായി ഇന്നലെ തന്നെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശങ്ങളില്‍ പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ ക്യാമറയില്‍ പുലിയുടെ ചിത്രങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. പുലി ക്യാമറയില്‍ പതിഞ്ഞതിനുശേഷം മാത്രമേ കൂട് വെക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുവാന്‍ കഴിയുകയുള്ളൂ എന്ന് ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.വി.ലക്ഷ്മണന്‍ ജന്മദേശത്തോട് പറഞ്ഞു. പ്രദേശത്ത് നിന്നും ഇതുവരെ വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെടുകയോ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയോ ചെയ്തിട്ടില്ല. എന്നാലും പരിശോധനകള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.