ചായ്യോത്ത്: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ രണ്ട് കാറുകളിലായി വന്ന ഗുണ്ടാസംഘം വീട് എറിഞ്ഞ് തകര്‍ത്തു.
ചായ്യോത്ത് -കയ്യൂര്‍ റോഡില്‍ പെന്‍ഷന്‍മുക്കിലെ മുബീനയുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. ബ്ലേഡ് മാഫിയാസംഘത്തിലെ ഗുണ്ടകളാണ് വീട് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. മുബീനയുടെ ഗള്‍ഫിലുള്ള ഭര്‍ത്താവ് ഒന്നരവര്‍ഷം മുമ്പ് 1 ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നുവത്രെ. ഇതില്‍ ഒന്നരലക്ഷത്തോളം രൂപ തിരിച്ചുനല്‍കുകയും ചെയ്തലു. ഇനിയും പലിശയിനത്തില്‍ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടാണത്രെ വീടിന് നേരെ ആക്രമണമുണ്ടായത്.
സംഭവം പരിസരവാസികള്‍ ഉടന്‍ നീലേശ്വരം പോലീസിനെ അറിയിച്ചു. നീലേശ്വരം എസ്ഐ ടി.വിശാഖ്, എസ്ഐ മധുസൂദനന്‍ മടിക്കൈ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ മുബീനയും കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. ബഹളം കേട്ട് സമീപത്ത് താമസിക്കുന്ന സഹോദരന്‍ വന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണത്രെ വീട് കല്ലെറിഞ്ഞ് തകര്‍ത്തത്. കെഎല്‍ 60 എല്‍ 4820, കെ.എല്‍ 60 ആര്‍ 2925 എന്നീ കാറുകളില്‍ വന്ന കണ്ടാലറിയാവുന്ന സംഘമാണ് അക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.