ഭീമനടി: ഒരുഘട്ടത്തില്‍ ഭരണസമിതി അംഗങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാതായതോടെ സഹകരണ വകുപ്പ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുമെന്ന് കരുതിയ വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ ഇന്നലെ ഭരണസമിതി യോഗം കൂടിയത് എട്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ.
ഭരണസമിതി അംഗം വയമ്പ് നാരായണനെ അയോഗ്യനാക്കി പുറത്ത് നിര്‍ത്തുകയും കിനാനൂര്‍-കരിന്തളത്തെ വിജയ്കുമാറിന് ഷോക്കോസ് നോട്ടീസ് നല്‍കുകയും ചെയ്തതോടെയാണ് കാര്‍ഷിക വികസന ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായത്. എന്നാല്‍ വയമ്പ് നാരായണനും വിജയകുമാറും ഹൈക്കോടതിയെ സമീപിച്ച് സഹകരണ വകുപ്പിന്‍റെ നടപടികള്‍ക്കെതിരെ സ്റ്റേ സമ്പാദിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ആറംഗങ്ങളുടെ ഭൂരിപക്ഷത്തോടെ യോഗം ചേരുന്നതിന് മുമ്പ് ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുന്നതിന് അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ മുന്‍ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പതാലിയും പനത്തടിയില്‍ നിന്നുള്ള ഭരണസമിതി അംഗം വി.സി.ദേവസ്യായും അടക്കമുള്ള നാലംഗങ്ങള്‍ രാജിവെച്ചു. എന്നാല്‍ വയമ്പ് നാരായണനും വിജയകുമാറും സ്റ്റേ സമ്പാദിച്ചതോടെ ഭരണസമിതിയില്‍ ഭൂരിപക്ഷമാവുകയും ഭരണസമിതി യോഗം ചേര്‍ന്ന് മൂന്നംഗങ്ങളെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഇന്നലെ എട്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ ഭരണസമിതി യോഗം ചേര്‍ന്നത്. വൈസ് പ്രസിഡണ്ട് കോടോം-ബേളൂരിലെ പി.മുരളിക്കാണ് പ്രസിഡണ്ടിന്‍റെ താല്‍ക്കാലിക ചുമതല. ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗം പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് പ്രതിനിധിയായി അഗസ്റ്റിന്‍ ജോസഫിനെ തിരഞ്ഞെടുത്തു. മുന്‍ ഡിസിസി സെക്രട്ടറി പരേതനായ പാപ്പച്ചന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന നടുവിലെകുറ്റ് എന്‍.ഡി.ജോസഫിന്‍റെ മകനാണ് ജോസ്കുട്ടി എന്ന് നാട്ടുകാര്‍ വിളിക്കുന്ന അഗസ്റ്റിന്‍ ജോസഫ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് അഗസ്റ്റിന്‍ ജോസഫിന് നോട്ടമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് പ്രതിനിധി എന്ന പദവി കിട്ടിയതോടെ അഗസ്റ്റിന്‍ ജോസഫ് തൃപ്തനായി. വി.സി.ദേവസ്യ രാജിവെച്ചതോടെ പനത്തടി പഞ്ചായത്തിന് കാര്‍ഷിക വികസന ബാങ്കില്‍ പ്രതിനിധികള്‍ ഇല്ലാതായി. മറ്റൊരു പനത്തടി പ്രതിനിധി പി.കെ.പ്രസന്നന്‍ താമസം കോടോം-ബേളൂര്‍ പഞ്ചായത്തിലേക്ക് മാറി. സെബാസ്റ്റ്യന്‍ പതാലി രാജിവെച്ചതോടെ ബളാല്‍ പഞ്ചായത്തിനും പ്രതിനിധിയില്ലാതായി. പതാലി ഈസ്റ്റ് എളേരി പഞ്ചായത്തുകാരനാണെങ്കിലും ബളാലില്‍ നിന്നുള്ള പ്രതിനിധിയായാണ് ബാങ്കില്‍ മത്സരിച്ചത്. വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ പഞ്ചായത്തുകളും പ്രവര്‍ത്തനപരിധിയാക്കിയാണ് കാര്‍ഷിക വികസന ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്‍റെ സെക്രട്ടറി മാലോം സ്വദേശി ടോം മാസങ്ങളായി അവധിയിലാണ്. ഇതുമൂലം ഏറെ നാളായി ബാങ്കിന്‍റെ കുടിശിക പിരിവ് നടക്കുന്നില്ല. വയമ്പ് നാരായണനെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സസ്പെന്‍റ് ചെയ്യാന്‍ കൂട്ടുനിന്നതും കോട്ടമല എസ്റ്റേറ്റിന്‍റെ മൂന്ന് കോടി വായ്പയുള്ള ഫയല്‍ മുക്കിയതും അടക്കം പല പരാതികളും ടോമിനെതിരെ ഉയര്‍ന്നിട്ടുണ്ട്.