ഭീമനടി: ഏതാനും ദിവസം മുമ്പ് വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും സസ്പെന്‍റ് ചെയ്യപ്പെട്ട സെക്രട്ടറി മാലോം സ്വദേശി ടോം ജെ ജോസഫ് കേരള ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് സമ്പാദിച്ചു. ഉത്തരവുമായി പോലീസിന്‍റെ സഹായത്തോടെ ബാങ്കില്‍ പ്രവേശിക്കാനെത്തിയ ടോമിനെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു.
പോലീസ് ജീപ്പിന്‍റെ പിന്നിലിരുന്നാണ് ടോം ബാങ്കില്‍ ജോലിക്കെത്തിയത്. ടോം ഇനി ബാങ്കില്‍ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചാല്‍ ഇതുവരെ നടത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച ഫയല്‍ മുക്കുമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസുകാര്‍ ടോമിനെ ബാങ്കില്‍ കയറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ നാല് കൊല്ലമായി ബാങ്കിന്‍റെ നഷ്ടം 10 കോടി കവിഞ്ഞു. ബാങ്ക് മെമ്പര്‍മാര്‍ക്ക് വായ്പ കൊടുത്ത തുക തിരിച്ചടപ്പിക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും നടത്തുന്നില്ല. തിരിച്ചടവ് മുടങ്ങിയാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ പോലും കുടിശികക്കാരെ നേരില്‍ കണ്ട് സമ്മര്‍ദ്ദം ചെലുത്തി പണം അടപ്പിക്കും. എന്നാല്‍ വെള്ളരിക്കുണ്ട് കാര്‍ഷിക വികസന ബാങ്കില്‍ ഇത്തരം നടപടികളൊന്നുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് പുറമെയാണ് ഒരു എസ്റ്റേറ്റ് ഉടമ വന്‍തുക വായ്പ എടുത്ത ഫയല്‍ ഒരുകൊല്ലത്തോളം പൂഴ്ത്തിവെച്ചത്. അടുത്ത മാര്‍ച്ച് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കുകയാണ് ടോം.