മകള്‍ക്ക് പിറന്നാള്‍ സമ്മാനവുമായി പോയ യുവാവിന്‍റെ കൈ ഭാര്യയും ബന്ധുക്കളും തല്ലിയൊടിച്ചു

നീലേശ്വരം: മകള്‍ക്ക് പിറന്നാള്‍ കേക്കുമായി പോയ യുവാവിനെ ഭാര്യയും സഹോദരങ്ങളും ചേര്‍ന്ന് അടിച്ച് കൈപൊളിച്ചു. പടന്നക്കാട് മൂവാരിക്കുണ്ട് പട്ടാക്കാലിലെ ശ്രീജിത്തിനെയാണ് (39) ഭാര്യയും സഹോദരങ്ങളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതത്രെ. കയ്യെല്ല് പൊട്ടിയ ശ്രീജിത്തിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നാല് ദിവസം കഴിഞ്ഞിട്ടും പോലീസ് സ്റ്റേറ്റ്മെന്‍റ് എടുക്കാന്‍ പോലും വന്നില്ലെന്നാണ് ശ്രീജിത്തിന്‍റെ പരാതി.

അതേസമയം ശ്രീജിത്തിനെതിരെ ഭാര്യയെ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തിപരിക്കേല്‍പ്പിച്ചുവെന്നതിന് നീലേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീജിത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ സുനിത നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. കുറച്ചുനാളുകളായി സുനിത ഭര്‍ത്താവുമായി അകന്ന് മടിക്കൈ എരിക്കുളത്തെ കുടുംബവീട്ടിലാണ് താമസം. കഴിഞ്ഞ ബുധനാഴ്ച ഇവരുടെ മകളുടെ പിറന്നാളായിരുന്നു. പിറന്നാളിന് കേക്ക് വാങ്ങണമെന്ന് മകള്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് കേക്കും മധുരപലഹാരങ്ങളുമായി എരിക്കുളത്തെ ഭാര്യവീട്ടിലേക്ക് ചെന്നപ്പോഴാണ് ഭാര്യയും അമ്മ തമ്പായി, സഹോദരങ്ങളായ സതീശന്‍, രമേശന്‍ എന്നിവരും ചേര്‍ന്ന് ശ്രീജിത്തിനെ ക്രൂരമായി അക്രമിച്ചതത്രെ. ഇരുമ്പ് വടികൊണ്ട് തലക്കും കൈക്കും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീജിത്തിന്‍റെ ഇടത് കൈക്ക് ശസ്ത്രക്രിയ നടത്തി. എന്നിട്ടും പോലീസ് തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും ശ്രീജിത്ത് പറയുന്നു. ഇതിന് മുമ്പും ശ്രീജിത്തും ഭാര്യയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇത് പോലീസ് സ്റ്റേഷനില്‍ വെച്ച് പറഞ്ഞ് തീര്‍ക്കുകയുമാണ് ചെയ്തത്. ഇപ്പോള്‍ ഭാര്യവീട്ടുകാരുടെ ക്രൂരമായി അക്രമണത്തിന് വിധേയനായിട്ടും ഭാര്യവീട്ടുകാരുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് തനിക്കെതിരെ കേസെടുക്കുകയും തന്‍റെ പരാതിയില്‍ കേസെടുക്കാതിരിക്കുകയും ചെയ്യുന്നതെന്നും ഈ യുവാവ് പറഞ്ഞു. മര്‍ദ്ദനത്തിനിടയില്‍ ഇയാളുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണും പണവും ഭാര്യാവീട്ടുകാര്‍ തട്ടിയെടുക്കുകയും ചെയ്തതായി ശ്രീജിത്ത് ആരോപിക്കുന്നു.

മറ്റൊരുകേസില്‍ വാറണ്ട് പ്രകാരം അറസ്റ്റുചെയ്ത് നീലേശ്വരം സ്റ്റേഷനിലേക്ക് കൊണ്ടുപോയി ക്യാമറയില്ലാത്ത ഭാഗത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും ഇയാള്‍ പറയുന്നു.