കാസര്‍കോട്: മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന 4.76 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യപ്രതികള്‍ തമിഴ്നാട്ടിലേക്ക് മുങ്ങി. കര്‍മ്മന്തൊടി, ബാളക്കണ്ടം സ്വദേശിയും സൊസൈറ്റി സെക്രട്ടറിയുമായ കെ.രതീശന്‍, ഇയാളുടെ കൂട്ടാളി കണ്ണൂര്‍ താഴെചൊവ്വ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ ജബ്ബാര്‍ എന്നിവരാണ് തമിഴ്നാട്ടിലേക്ക് കടന്നത്. ബാംഗ്ലൂര്‍, ഹാസന്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഇരുവരും ഷിമോഗയില്‍ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയായിരുന്നു ഇത്. ഇതേ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ നിര്‍ദ്ദേശപ്രകാരം മേല്‍പ്പറമ്പ് എസ്.ഐ. യും സംഘവും ഷിമോഗയിലേക്ക് പോയിരുന്നു. എന്നാല്‍ ഏത് സമയത്തും പോലീസ് തങ്ങളെ തേടിയെത്താന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ജബ്ബാറും രതീശനും തമിഴ്നാട്ടിലേക്ക് കടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അതേസമയം ഒളിവില്‍ പോയതിന് ശേഷം രതീശന്‍ ഭാര്യയെ വിളിക്കുകയും വാട്സ്ആപ്പില്‍ സന്ദേശം അയച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഷിമോഗയില്‍ നിന്ന് കടന്ന് കളഞ്ഞതിന് ശേഷം ഇരുവരും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തമിഴ്നാട്ടിലേക്ക് കടന്ന ഇരുവരും ചെന്നൈ വിമാനത്താവളം വഴി വിദേശത്തേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടയില്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്ന കാസര്‍കോട് സ്വദേശിയും ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതായാണ് സൂചന.