ചെറുവത്തൂര്‍: ബിന്ദു നാട്ടുമ്പുറത്തുകാരിയാണെങ്കിലും നിസാരക്കാരിയല്ല. ഇരുത്തംവന്ന മോഷ്ടാവിന്‍റെ എല്ലാ സാമര്‍ത്ഥ്യവുമുണ്ട്. കാടംങ്കോട് അസിനാര്‍മുക്കിന് സമീപമുള്ള വാടക വീട്ടില്‍ താമസിക്കുന്ന കെ.ബിന്ദു(45) മൂന്ന് വീടുകളില്‍ കവര്‍ച്ച നടത്തിയതായി തെളിഞ്ഞു.
ഏപ്രില്‍ 27 ന് ചെറുവത്തൂര്‍ പയ്യങ്കി സ്വദേശിയുടെ വീട് തുറന്ന് മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ബിന്ദു രണ്ട് വീടുകളില്‍ കൂടി കവര്‍ച്ച നടത്തിയതായി തെളിഞ്ഞു. ചെറുവത്തൂര്‍ കുഴിഞ്ഞടിയിലെ കെ.രതീഷിന്‍റെ ഭാര്യ വിജിനയുടെ(32) വീട്ടില്‍ കയറി മുറിയിലെ അളുവില്‍ സൂക്ഷിച്ചിരുന്ന 160000 രൂപ വില വരുന്ന രണ്ട് പവന്‍ മാല കവര്‍ന്നു. 2024 ഡിസംബര്‍ 14 ന് രാവിലെ 6 മണിക്കായിരുന്നു ഈ കവര്‍ച്ച. 2024 ഡിസംബര്‍ 19 ന് പകല്‍ ചെറുവത്തൂര്‍ തുരുത്തിനെല്ലിക്കാലിലെ ബാബുരാജിന്‍റെ ഭാര്യ ലസിത മുട്ടത്തിന്‍റെ ആഭരണം കവര്‍ന്നു.വീട്ടിനുള്ളില്‍ കയറി സെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 2,40000 രൂപ വില വരുന്ന മൂന്നേകാല്‍ പവന്‍ ആഭരണങ്ങളാണ് കവര്‍ന്നത്. പിന്നീട് ജ്വല്ലറിയില്‍ വിറ്റ ഈ ആഭരണങ്ങള്‍ ബിന്ദുവിന്‍റെ സാന്നിധ്യത്തില്‍ പോലീസ് ജ്വല്ലറിയില്‍ നിന്നും പിടിച്ചെടുത്തു.
പയ്യങ്കിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ റിമാന്‍റില്‍ കഴിയുന്ന ബിന്ദുവിനെ പോലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ട് മോഷണങ്ങളും ബിന്ദു സമ്മതിച്ചത്. വീട്ടുകാര്‍ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പയ്യങ്കി സ്വദേശി ബിന്ദുവിന്‍റെ വീട് താക്കോല്‍ ഉപയോഗിച്ച് തുറന്ന് സ്വര്‍ണ്ണം കവര്‍ന്നത്. പയ്യങ്കിയിലെ വീട്ടുകാര്‍ പുറത്തുപോകുമ്പോള്‍ വീടുപൂട്ടി താക്കോല്‍ വീടിന് പരിസരത്ത് ഒളിപ്പിച്ചുവെക്കുന്ന പതിവുണ്ട്. താക്കോല്‍ വെക്കുന്ന സ്ഥലം മനസ്സിലാക്കി ആളില്ലാത്ത സമയത്ത് വീടുതുറന്നാണ് സ്വര്‍ണ്ണം കവര്‍ന്നത്. കസ്റ്റഡി കാലാവധി കഴിഞ്ഞ് ഇന്ന് ബിന്ദുവിനെ വീണ്ടും പോലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. ചന്തേര പോലീസിന്‍റെ സമര്‍ദ്ധമായ അന്വേഷണത്തില്‍ മൂന്ന് കവര്‍ച്ചാ കേസുകളാണ് തെളിഞ്ഞത്.