രാഷ്ട്രീയക്കാര്‍ക്ക് മിണ്ടാട്ടമില്ല; സര്‍ക്കാര്‍ സ്ഥലങ്ങള്‍ വ്യാപകമായി കയ്യേറുന്നു

ചോയ്യംങ്കോട് : കിനാനൂര്‍ വില്ലേജ് പരിധിയില്‍ സര്‍ക്കാര്‍ സ്ഥലങ്ങള്‍ വ്യാപകമായി സ്വകാര്യ വ്യക്തികള്‍ കയ്യേറുന്നതായി പരാതി.

കിനാനൂര്‍ വില്ലേജ് ഓഫീസിന്‍റെ വിളിപ്പാടകലെ ടൗണിനോട് ചേര്‍ന്ന് മെയിന്‍ റോഡരികില്‍ റേഷന്‍ കടയ്ക്ക് സമീപം ഒരു ഏക്കറിലധികം സര്‍ക്കാര്‍ സ്ഥലം ഒരു വ്യക്തി കയ്യേറിയിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കിനാനൂര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 445 /1 ല്‍ പെട്ട സ്ഥലമാണ് ഇപ്പോള്‍ കയ്യേറി 10 സെന്‍റിന്‍റെ പ്ലോട്ടുകള്‍ ആക്കി തിരിച്ചിരിക്കുന്നത്. ഇവിടെ സെന്‍റിന് ലക്ഷങ്ങളാണ് മാര്‍ക്കറ്റ് വില. പ്രസ്തുത സ്ഥലം മുമ്പുതന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചതായിരുന്നു. ഇവിടെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിശ്ചിത സ്ഥലം അളന്ന് അത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തീരുമാനങ്ങളും എടുക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഒരു സ്വകാര്യ വ്യക്തി ആ സ്ഥലം പൂര്‍ണമായും സ്വന്തമാക്കിയിരിക്കുന്നത്. ഈ സ്ഥലത്തിന് പട്ടയം ഉണ്ട് എന്നാണ് അയാളുടെ അവകാശവാദം. സ്ഥലം കയ്യേറിയത് സംബന്ധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒപ്പുകള്‍ ശേഖരിച്ച് ആര്‍.ഡി.ഒ യ്ക്കും വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്. കൂടാതെ ഇതു സംബന്ധിച്ച മുഴുവന്‍ രേഖകളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാര്‍ക്കും വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷയും നല്‍കിയിട്ടുണ്ട്. സ്ഥലം കയ്യേറിയതിനെ കുറിച്ച് പരിശോധിക്കുമെന്നും സര്‍ക്കാര്‍ സ്ഥലം ആണെന്ന് തെളിഞ്ഞാല്‍ തിരിച്ചുപിടിക്കുമെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്‍റെ പല ഭാഗങ്ങളിലും വ്യാപകമായി റവന്യൂ സ്ഥലം കയ്യേറുന്നതായി മുമ്പ് തന്നെ ആരോപണം ഉണ്ട്. പ്രത്യേകിച്ച് കിനാനൂര്‍ വില്ലേജില്‍ കുറച്ചു കൂടുതലാണ് നടക്കുന്നത്. കിനാനൂര്‍ വില്ലേജിലെ കയ്യേറ്റത്തെ കുറിച്ച് ജന്മദേശം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില റവന്യൂ ജീവനക്കാരുടെ ഒത്താശയോടെ ഇത്തരത്തില്‍ കയ്യേറുന്ന സര്‍ക്കാര്‍ സ്ഥലങ്ങള്‍ക്ക് പട്ടയങ്ങള്‍ തരപ്പെടുത്തി കൊടുക്കുന്ന ഉന്നതതല സ്വാധീനമുള്ള പട്ടയം മാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ ആര്‍ ഡി ഒ യ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു സെന്‍റ് പോലും ഭൂമിയില്ലാതെ പാവങ്ങള്‍ അലയുമ്പോഴാണ് ഇതെല്ലാം നടക്കുന്നത് എന്നതാണ് ഏറെ കൗതുകം. സാധാരണക്കാര്‍ അന്തിയുറങ്ങുന്നതിന് ഒരു ചെറിയ ഷെഡ് കെട്ടിയാല്‍ രായ്ക്ക് രാമാനം അത് പൊളിച്ചു കളയാന്‍ ആവേശം കാട്ടാറുള്ള ഉദ്യോഗസ്ഥര്‍ പ്രമാണിമാരുടെ കയ്യേറ്റങ്ങള്‍ കണ്ടില്ലെന്ന് നടക്കുകയാണ്. ദേശീയ അന്തര്‍ദേശീയ വിഷയങ്ങളിലെല്ലാം തന്നെ നിത്യേന പ്രസ്താവനകള്‍ ഇറക്കുകയും സമര രംഗത്ത് വരാറുമുള്ള ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ ചോയ്യംങ്കോട്ടെ കയ്യേറ്റം തിരിച്ചറിഞ്ഞിട്ടും അവര്‍ ഉറക്കം നടക്കുകയാണെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. നാട്ടിലെ യുവജന സംഘടനകള്‍ക്കും ഇതില്‍ മിണ്ടാട്ടമില്ലത്രേ. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ പൊതു സമൂഹത്തിനുമുന്നില്‍ പലവിധ സംശയങ്ങളും നിലനില്‍ക്കും എന്ന് നാട്ടുകാര്‍ പറയുന്നു.