നീലേശ്വരം: പള്ളിക്കരڊകുഞ്ഞിപ്പുളിക്കാല്‍ റോഡിലെ (കറുത്ത ഗേറ്റ്) ലവല്‍ ക്രോസില്‍ റെയില്‍വേ മേല്‍പാലം പണിയാന്‍ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലന്‍ എംഎല്‍എ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ഥന പ്രകാരം 37 റെയില്‍വേ മേല്‍പാലങ്ങളും 1 റെയില്‍വേ അടിപ്പാതയും നിര്‍മിക്കാന്‍ ധനസഹായം നല്‍കുന്നതിനുള്ള കരാറിന് ദക്ഷിണ റെയില്‍വേ അംഗീകാരം നല്‍കിയതോടെയാണ് മണ്ഡലത്തിലെ മേല്‍പാലം ഇല്ലാത്ത ഏക ലവല്‍ ക്രോസ് ആയ കുഞ്ഞിപ്പുളിക്കാലിലും മേല്‍പാലത്തിന് തത്വത്തില്‍ അംഗീകാരം ലഭിച്ചതെന്ന് എംഎല്‍എ അറിയിച്ചു. 50:50 ചെലവ് പങ്കിട്ടാണ് നിര്‍മാണം. റെയില്‍വേ മന്ത്രാലയവും കേരള സര്‍ക്കാരും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പ്രകാരം കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് (കെആര്‍ഡിസിഎല്‍) നിര്‍മ്മാണ ചുമതല. ഇന്‍വെസ്റ്റിഗേഷന്‍, ഡിസൈന്‍, ഡിപിആര്‍ എന്നിവ തയാറാക്കുന്നതിനു കെആര്‍ഡിസിഎലിനെ ചുമതലപ്പെടുത്തി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയതായി എംഎല്‍എ അറിയിച്ചു. കുഞ്ഞിപ്പുളിക്കാലില്‍ പുതിയ ആര്‍ ഒ ബി നിര്‍മ്മിക്കുമ്പോള്‍ റോഡിലെ വളവ് പൂര്‍ണ്ണമായും ഒഴിവാക്കി വേണം നിര്‍മ്മിക്കുവാന്‍ എന്നാണ് നാട്ടുകാരുടെ ആവശ്യം. ദേശീയ പാതയില്‍ പള്ളിക്കര ക്ഷേത്രത്തിന് സമീപത്ത് നിന്നും കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്ത് നിന്നും ആരംഭിക്കുന്ന രണ്ട് റോഡുകള്‍ കറുത്തഗേറ്റ് പരിസരത്ത് സംഗമിച്ചാണ് ആശുപത്രി ഭാഗത്തേക്ക് പോകുന്നത്. നിരവധി വളവും തിരിവുമുള്ള റോഡ് പുതിയ പാലം പണിയുമ്പോള്‍ ശാസ്ത്രീയമായി നേരെ പണിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പുതിയ പാലം നിര്‍മ്മിക്കുന്നതിനൊപ്പം പള്ളിക്കര കുഞ്ഞിപ്പുളിക്കാല്‍ ആശുപത്രി റോഡ് വീതി കൂട്ടി നിര്‍മ്മിച്ചാല്‍ പുതിയ ബൈപ്പാസായി ഉപയോഗപ്പെടുത്താനുമാകും. റെയില്‍വേ സ്റ്റേഷനിലേക്ക് സമാന്തര റോഡായി ഉപയോഗിക്കാനുമാകും.