വെള്ളരിക്കുണ്ട്: സ്വകാര്യ ബസില്‍ ഡ്രൈവറും കണ്ടക്ടറും ഭാര്യയും ഭര്‍ത്താവും. പാടിയോട്ടുചാലിലെ പുത്തന്‍പുരയ്ക്കല്‍ ജോമോനും ഭാര്യ ജിജിനയുമാണ് ഈ ഭാര്യാഭര്‍ത്താക്കന്മാര്‍. ചെറുപുഴ-തയ്യേനി- മാലോം -വെള്ളരിക്കുണ്ട്- പാണത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ബസിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഭര്‍ത്താവിനൊപ്പം ജോലി ചെയ്യണമെന്ന അതിയായ ആഗ്രഹത്തില്‍ ഹെവി ലൈസന്‍സും കണ്ടക്ടര്‍ ലൈസന്‍സും ജിജിന സ്വന്തമാക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് 13 വര്‍ഷമായെങ്കിലും ഒരു ദിവസം പോലും ജിജിന ഭര്‍ത്താവിനെ പിരിഞ്ഞുനിന്നിട്ടില്ല. വാഹനങ്ങളോട് ഏറെ കമ്പമുള്ള ജിജിന ഭര്‍ത്താവ് ഓടിക്കുന്ന വാഹനങ്ങള്‍ ഇടക്കിടെ ഓടിച്ചുനോക്കുമായിരുന്നു. ഹെവി ലൈസന്‍സ് എടുക്കുന്ന സമയത്ത് ജോമോന്‍ തന്നെയാണ് കണ്ടക്ടര്‍ ലൈസന്‍സും എടുക്കുവാന്‍ ജിജിനയെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഒന്നരമാസമായി ഇരുവരും ഒരേ ബസിലെ ഡ്രൈവറും കണ്ടക്ടറുമാണി. ഒരേ ബസില്‍ ജോലിചെയ്യുന്ന കേരളത്തിലെ ആദ്യ ദമ്പതികളും ജോമോനും ജിജിനയുമാണ്. തൊഴില്‍ മേഖലയില്‍ ഒന്നിക്കാന്‍ പറ്റിയതില്‍ ഏറെ സംതൃപ്തരാണിവര്‍. ആറാം ക്ലാസില്‍ പഠിക്കുന്ന ജോവാന ട്രീസയും യുകെജിയില്‍ പഠിക്കുന്ന ജോഷ്വാ ജോമോനുമാണ് മക്കള്‍. രാവിലെ ഏഴരയ്ക്ക് ജോലിക്ക് കയറുന്ന ഇരുവരും വൈകുന്നേരം 6 നാണ് വീട്ടിലേയ്ക്ക് മടങ്ങുന്നത്. വിദേശത്ത് ജോലിക്കു പോകാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ച് ഭര്‍ത്താവിനൊപ്പം ജോലിചെയ്യാനാണ് ജിജിനയ്ക്ക് താല്‍പ്പര്യം.