കരിന്തളം: ഹൃദയാഘാതമുണ്ടായ കിണാവൂര്‍ റോഡിലെ കെ.വി.ദിനേശനെ (52) ആശുപത്രിയിലെത്തിക്കാതെ കാറിന്‍റെ പിന്‍സീറ്റില്‍ കിടത്തി ഡോര്‍ അടച്ച് കടന്നുകളയുകയും ദിനേശനെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത സംഭവത്തില്‍ കിണാവൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കണ്ണങ്ങാട്ട് ഭഗവതിസ്ഥാനികന്‍ കമ്പല്ലൂരിലെ രാജേഷ് കോമരത്തിനെതിരെ ബന്ധുക്കള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇന്ന് ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിയെ നേരില്‍ കാണും.
രാജേഷ് കോമരം ദിനേശന് 5.90 ലക്ഷം രൂപ നല്‍കാനുണ്ടത്രെ. ആഗസ്ത് 18 ന് ഈ തുക ദിനേശന് നല്‍കാമെന്ന് രാജേഷ് കോമരം സമ്മതിച്ചിരുന്നു. സെപ്തംബര്‍ ആദ്യവാരം ദിനേശന്‍റെ മകളുടെ വിവാഹമാണ്. വിവാഹ ആവശ്യത്തിന് വേണ്ടിയാണ് ദിനേശന്‍ കടം നല്‍കിയ പണം രാജേഷ് കോമരത്തോട് തിരികെ ചോദിച്ചത്. എന്നാല്‍ പണം കൊടുക്കാമെന്ന് വാക്ക് പറഞ്ഞദിവസം പണമില്ലാതെ ദിനേശനെ കാണുകയും പണത്തിന് കൂടുതല്‍ അവധിവേണമെന്ന് രാജേഷ് പറയുകയും ചെയ്തു. ഇതോടെ ആധികയറിയ ദിനേശന് ഹൃദയംപൊട്ടിമൂക്കിലൂടെ രക്തം പ്രവഹിച്ചു. ഉടന്‍തന്നെ രാജേഷ് കോമരം ദിനേശനെ കാറിന്‍റെ മുന്‍സീറ്റില്‍ നിന്നും ഇറക്കി പിന്‍സീറ്റില്‍ കിടത്തി കാറിന്‍റെ ഡോര്‍ അടച്ച് സ്ഥലം വിടുകയായിരുന്നു. തൊട്ടടുത്ത് ആശുപത്രി ഉണ്ടായിട്ടും ആശുപത്രിയിലെത്തിക്കുകയോ സമീപപ്രദേശത്തെ ജനങ്ങളെ അറിയിക്കുകയോ ചെയ്തില്ല. ദിനേശന്‍ മരിച്ചാല്‍ അദ്ദേഹത്തിന് കൊടുക്കാനുള്ള 5.90 ലക്ഷം രൂപ ലാഭിക്കാമെന്ന കണക്കുകൂട്ടലാണ് രാജേഷിനെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്.
മരണവുമായി ആരോപണ വിധേയനായ ക്ഷേത്ര കോമരത്തെ ക്ഷേത്ര സ്ഥാനിക പദവിയില്‍ നിന്നും കഴിഞ്ഞദിവസം പുറത്താക്കിയിട്ടുണ്ട്. ക്ഷേത്രസ്ഥാനിക പദവിക്ക് യോജിക്കാത്ത പ്രവര്‍ത്തി നടത്തിയതിനാലാണ് ആചാരസ്ഥാനത്ത് നിന്നും ഒഴിവാക്കിയത് എന്നാണ് ക്ഷേത്രം പ്രസിഡന്‍റ് വി.നാരായണന്‍, സെക്രട്ടറി കെ.വി.കുഞ്ഞിക്കണ്ണന്‍, ട്രഷറര്‍ ക്ലായിക്കോട് ബാലകൃഷ്ണന്‍ എന്നിവര്‍ ഒപ്പിട്ട ക്ഷേത്രക്കമ്മറ്റിയുടെ പത്രകുറിപ്പില്‍ പറയുന്നത്. ആഗസ്ത് 19 ന് രാവിലെ ആറ് മണിയോടെയാണ് നീലേശ്വരം റെയില്‍വേ മുത്തപ്പന്‍ മഠപ്പുരയ്ക്ക് സമീപം സ്വന്തം കാറിനുള്ളില്‍ ദിനേശനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.