ഭീമനടി: സഹകരണ വകുപ്പ് മൂന്നംഗ അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ച വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്ഹോക്ക് കമ്മറ്റി ചുമതലയേല്‍ക്കുന്നതിനെതിരെ കോണ്‍ഗ്രസുകാര്‍ നടത്തുന്ന ഉപരോധം ഇന്ന് ഒമ്പതാംദിവസം.
അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡണ്ട് സ്ഥാനത്തുനിന്നും പുറത്തായ സെബാസ്റ്റ്യന്‍ പതാലി കണ്‍വീനറായും ഭരണസമിതിയില്‍ നിന്നും രാജിവെച്ച വി.സി.ദേവസ്യ, മേരി നരിമറ്റം എന്നിവര്‍ അംഗങ്ങളുമായാണ് ആഗസ്ത് 19 ന് സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാര്‍ അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചത്. എന്നാല്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മൂവര്‍ക്കും ബാങ്കിലെത്തി സ്ഥാനമേല്‍ക്കാന്‍ കഴിഞ്ഞില്ല. ചുള്ളിക്കര ശാഖയില്‍ പോയി ചില ചെപ്പടി വിദ്യകള്‍ പ്രയോഗിച്ചുവെങ്കിലും അതും ഫലിച്ചില്ല. അഡ്ഹോക്ക് കമ്മറ്റി ചുമതലയേല്‍ക്കാതിരിക്കാന്‍ വേണ്ടി ദിവസവും നിരവധി കോണ്‍ഗ്രസുകാര്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ബാങ്കിന് കാവല്‍നില്‍ക്കുകയാണ്. പോലീസിന്‍റെ സഹായത്തോടെ ബാങ്കില്‍ പ്രവേശിക്കാന്‍ സെബാസ്റ്റ്യന്‍ പതാലി ശ്രമം നടത്തിയെങ്കിലും കോടതിയുടെ പ്രത്യേക ഉത്തരവില്ലാത്തതിനാല്‍ സംരക്ഷണം നല്‍കാന്‍ പോലീസും തയ്യാറായില്ല. ഭൂരിപക്ഷം ഉണ്ടായിരുന്ന സമയത്ത് ഭരണസമിതി പിരിച്ചുവിട്ടതിനെതിരെ എട്ട് ഭരണസമിതി അംഗങ്ങള്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ചെയ്തിട്ടുണ്ട്. അഡ്ഹോക്ക് കമ്മറ്റി അംഗങ്ങള്‍ക്കും സഹകരണ വകുപ്പിനും വിശദീകരണം ആരാഞ്ഞ് കോടതി നോട്ടീസ് അയച്ചു. സെപ്തംബര്‍ 2 ന് കേസ് പരിഗണനക്ക് വരുന്നുണ്ട്. ഭൂരിപക്ഷമുള്ള സഹകരണ സ്ഥാപനത്തിന്‍റെ ഭരണസമിതി എന്തിന് പിരിച്ചുവിട്ടുവെന്ന് സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ സമാധാനം പറയേണ്ടതുണ്ട്. ബാങ്കിന് മുമ്പില്‍ ഒമ്പത് ദിവസമായി നൂറോളം കോണ്‍ഗ്രസുകാര്‍ ഉപരോധം നടത്തിയിട്ടും ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസലോ സൂപ്പര്‍ ഡിസിസി പ്രസിഡണ്ട് രാജ്മോഹന്‍ ഉണ്ണിത്താനോ അതുവഴി എത്തിനോക്കുകപോലും ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസുകാര്‍ പരാതിപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ഒരുസ്ഥാപനം സിപിഎമ്മിന്‍റെ നിയന്ത്രണത്തിലേക്ക് പോകുന്ന ഘട്ടത്തിലെത്തിയിട്ടും ഫൈസലും ഉണ്ണിത്താനും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് കോണ്‍ഗ്രസില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.