പിടികൂടിയ പൂഴിയില്‍ കൃത്രിമം കാട്ടിയ പോലീസുകാരന് സസ്പെന്‍ഷന്‍

കാഞ്ഞങ്ങാട്: പോലീസ് പിടിച്ചെടുത്ത മണല്‍ തൂക്കിനോക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ പകുതി മണല്‍ മറ്റൊരു സ്ഥലത്ത് തട്ടി തൂക്കത്തില്‍ കൃത്രിമം കാണിച്ച പോലീസുകാരന് സസ്പെന്‍ഷന്‍. ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആലാമിപള്ളി സ്വദേശി പ്രശാന്തിനെയാണ് ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പ സസ്പെന്‍റ് ചെയ്തത്. അനധികൃതമായി കടത്തുകയായിരുന്ന മണലും ലോറിയും ഹോസ്ദുര്‍ഗ് എസ്ഐ രാജീവന്‍ പിടികൂടിയിരുന്നു. ലോറിയിലെ മണല്‍തൂക്കി റിപ്പോര്‍ട്ട് തയ്യാറാക്കി ജിയോളജി വകുപ്പിന് കൈമാറാന്‍ പ്രശാന്തിനെ രാജീവന്‍ ഏല്‍പ്പിച്ചു. പ്രശാന്ത് ലോറിയുമായി തൂക്കം നോക്കാന്‍ പോയി. എന്നാല്‍ മണല്‍ തൂക്കുന്നതിന് മുമ്പ് പകുതി മണല്‍ മറ്റൊരിടത്ത് തട്ടി. അവശേഷിച്ച മണല്‍ തൂക്കി തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി കൈമാറി. എന്നാല്‍ സംശയം തോന്നിയ എസ്ഐ രാജീവന്‍ പ്രശാന്തിനോട് കാര്യങ്ങള്‍ അന്വേഷിച്ചു. പക്ഷേ വ്യക്തമായ മറുപടി പറയാതെ പ്രശാന്ത് ഒഴിഞ്ഞുമാറി. ഇതേതുടര്‍ന്ന് സംഭവം രാജീവന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രശാന്തിന്‍റെ തട്ടിപ്പ് പുറത്തുവരികയായിരുന്നു. സംഭവം നടക്കുന്നതിന്‍റെ ഏതാനും ദിവസം മുമ്പാണ് പ്രശാന്ത് ഹോസ്ദുര്‍ഗ് സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്. മുമ്പ് ബേക്കലിലും മഞ്ചേശ്വരത്തും ജോലിചെയ്തിരുന്നു. സ്ത്രീവിഷയത്തിലായിരുന്നു ബേക്കലില്‍ നിന്നും മഞ്ചേശ്വരത്തേക്കുള്ള സ്ഥലം മാറ്റം.