നീലേശ്വരം: അത്യുത്തര കേരളത്തിലെ പൗരാണിക ക്ഷേത്രവും മഹാവിഷ്ണുവിന്‍റെ അവതാരമായ നരസിംഹമൂര്‍ത്തിയുടെ ആരൂഢ സ്ഥാനവുമായ കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 25 മുതല്‍ 30 വരെ നടക്കും.
25ന് പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടെ കളിയാട്ടത്തിന് തുടക്കമാവും. തുടര്‍ന്ന് 11 മണിക്ക് ക്ഷേത്രത്തോടനുബന്ധിച്ച് പുതുതായി നിര്‍മ്മിച്ച ഭക്ഷണശാല കുഞ്ഞിക്കണ്ണന്‍ അന്തിത്തിരിയന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്യും. വൈകീട്ട് ആറുമണിക്ക് ദീപാരാധന. രാത്രി എട്ടുമണിക്ക് പാലായി പരപ്പേന്‍റെ വരവ്, രാത്രി 9 30ന് ശ്രീ പാലന്തായി കണ്ണന്‍ തെയ്യക്കോലം. പുലര്‍ച്ചെ 2.30 ന് രക്തചാമുണ്ഡിയുടെ പുറപ്പാട് 4 30ന് പാലായി പരപ്പേന് സ്വപ്നദര്‍ശനം ലഭിച്ച നിണമണിഞ്ഞ പരദേവതയുടെ കോലം പുറപ്പാട്. രണ്ടാം ദിവസമായ 26 ന് വൈകീട്ട് ദീപാരാധന. മൂന്നാം ദിവസമായ 27 ന് രാത്രി 8.30 ന് കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിക്കുന്ന നാടകം - ചിറക്. നാലാം കളിയാട്ട ദിനമായ 28 ന് രാത്രി 730 ന് സാംസ്കാരിക സമ്മേളനം ശ്രീ നെല്ലിക്കാതുരുത്തി കഴകം പ്രസിഡണ്ട് കെ.വി.അമ്പാടി ഉദ്ഘാടനം ചെയ്യും. വി.എസ്.സുരേഷ് ബാബു കൂത്തുപറമ്പ് പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രാദേശികതല കലാകാരികള്‍ അവതരിപ്പിക്കുന്ന തിരുവാതിര - കൈകൊട്ടിക്കളി. അഞ്ചാം കളിയാട്ട ദിവസമായ 29 ന് രാവിലെ മുതല്‍ തെയ്യക്കോലങ്ങളുടെ പുറപ്പാട് .രാത്രി 7.30 ന് പ്രാദേശിക തല കലാസന്ധ്യ. കളിയാട്ട സമാപന ദിവസമായ ഏപ്രില്‍ 30 ന് രാവിലെ മുതല്‍ പുലികണ്ഠന്‍, പാലന്തായി കണ്ണന്‍, പൂമാരുതന്‍, അങ്ക കുളങ്ങര ഭഗവതി, രക്തചാമുണ്ഡി എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്. 12 മണി മുതല്‍ അന്നദാനം. വൈകീട്ട് 3 മണിക്ക് വിഷ്ണു മൂര്‍ത്തിയുടെ കോലം പുറപ്പാട്. തുടര്‍ന്ന് തേങ്ങയേറ്, എഴുന്നള്ളത്ത്. രാത്രി 7 മണിയോടെ മുടിയെടുക്കല്‍ ചടങ്ങോട് കൂടി ഉത്സവം സമാപിക്കും. കളിയാട്ടത്തോടനുബന്ധിച്ച് രണ്ടാം ദിവസം മുതല്‍ തുലാഭാരം വഴിപാട് ഉണ്ടാകും.പത്രസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്ട് മലപ്പില്‍ സുകുമാരന്‍, വൈസ് പ്രസിഡണ്ട് പി.പി.കൃഷ്ണന്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ എം വി ഭരതന്‍, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ കെ എം രാജന്‍, ആഘോഷ കമ്മിറ്റി ജോ. കണ്‍വീനര്‍ ടി.തമ്പാന്‍ എന്നിവര്‍ സംബന്ധിച്ചു.