ബിരിക്കുളം: ബിരിക്കുളം വരഞ്ഞൂര്‍, കാളിയാനം തുടങ്ങിയ പ്രദേശങ്ങളില്‍ മഴക്കാല പച്ചക്കറി കൃഷിക്കും, കപ്പ കൃഷിക്കും, കിഴങ്ങ്, ചേമ്പ് തുടങ്ങിയ കൃഷികള്‍ക്കും ഭീഷണിയായി പന്നി ശല്ല്യവും മയില്‍ ശല്ല്യവും. ബിരിക്കുളം വരഞ്ഞൂര്‍ പച്ചക്കറി ക്ലസ്റ്റര്‍ പരിധിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പന്നിശല്ല്യം. ഈ പ്രശ്നം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാട്ടുപന്നിയെ പിടിക്കൂടാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല. കര്‍ഷകര്‍ പിടികൂടിയാല്‍ ജാമ്യം കിട്ടാത്ത കേസില്‍ പ്രതികളാവും. അടിയന്തിരമായി കാട്ടുപന്നി ശല്ല്യത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കണമെന്നും, വ്യാപക നാശനഷ്ടത്തിന് അടിയന്തിര നഷ്ടപരിഹാരം നല്‍കാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇടപെടല്‍ ഉണ്ടാകണമെന്നും ബിരിക്കുളം വരഞ്ഞൂര്‍ പച്ചക്കറി ക്ലസ്റ്റര്‍ ആവശ്യപ്പെട്ടു. ക്ലസ്റ്റര്‍ പ്രസിഡന്‍റ് ബാലഗോപാലന്‍ കാളിയാനം, സെക്രട്ടറി സത്യന്‍ കാനത്തില്‍, ട്രഷറര്‍ സി.കെ.ബാലചന്ദ്രന്‍ ചെന്നക്കോട്, സുഗതന്‍ വരഞ്ഞൂര്‍, ഷാനു വരഞ്ഞൂര്‍, മനോഹരന്‍ വരഞ്ഞൂര്‍, ബാബു.ടി.വി തുടങ്ങിയവര്‍ സംസാരിച്ചു.