ഇരിയണ്ണിയില്‍ പുലിയിറങ്ങി

കാസര്‍കോട്: മുളിയാര്‍ റിസര്‍വ്വ് ഫോറസ്റ്റിന് സമീപത്തെ ഇരിയണ്ണി ടൗണിനടുത്ത് പുലിയിറങ്ങി. ഇന്ന് രാവിലെ 7.20 മണിയോടെ ഇരിയണ്ണി ആയുര്‍വ്വേദാശുപത്രിക്ക് സമീപത്താണ് പുലിയെത്തിയത്. മരത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയും സ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീ നിലവിളിച്ചപ്പോള്‍ പുലി ഓടിമറയുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് കുറ്റിയടുക്കം ഭാഗത്തേക്കാണ് പുലി പോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നേരത്തെ സന്ധ്യയ്ക്കും രാത്രി കാലങ്ങളിലും മാത്രമേ പുലി എത്തിയിരുന്നുള്ളു. അതിരാവിലെ പുലിയെത്തിയത് നാട്ടില്‍ വലിയ ഭീതി ഉയര്‍ത്തിയിട്ടുണ്ട്. പുലിയെ കണ്ടതായുള്ള വിവരം ഉടന്‍ തന്നെ മറ്റുള്ളവരെ അറിയിച്ചു. സ്കൂള്‍ കുട്ടികള്‍ അടക്കം നടന്നു പോകുന്ന സമയമായതിനാല്‍ വലിയ ഭീതിയാണ് നാട്ടിലാകെ പരന്നത്. അഞ്ചു ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ഇരിയണ്ണിയിലും പരിസരത്തുമായി പുലിയുടെ സാന്നിധ്യം ഉണ്ടായത്. പുലിഭീഷണി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.