കാസര്‍കോട്: നാലു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവ് വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടിതൂങ്ങിമരിച്ചതിന്‍റെ നടുക്കത്തിലാണ് മുളിയാര്‍ ഗ്രാമം.
മുളിയാര്‍ കോപ്പാളംകൊച്ചിയിലെ രാമചന്ദ്രന്‍-ലളിത ദമ്പതികളുടെ മകള്‍ ബിന്ദുവാണ് (28)നാലു മാസം പ്രായമുള്ള മകള്‍ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ജീവനൊടുക്കിയത്. ബിന്ദു എന്തിന് കടുംകൈചെയ്തുവെന്ന് ഇപ്പോഴും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അറിയില്ല. കുഞ്ഞിന്‍റെ മൃതദേഹം വീട്ടിനകത്തെ തൊട്ടിലിലാണ് ഉണ്ടായത്. ഇസ്രായേലില്‍ ജോലിചെയ്യുന്ന തൊടുപുഴ സ്വദേശി ശരത്താണ് ബിന്ദുവിന്‍റെ ഭര്‍ത്താവ്. ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് രാമചന്ദ്രന്‍ മകളെയും കൊച്ചുമകളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. വീട്ടിലെത്തിയതിന്ശേഷം ബിന്ദു സന്തോഷത്തിലായിരുന്നുവത്രെ. ഇന്നലെ ഉച്ചകഴിഞ്ഞ് പിതാവ് രാമചന്ദ്രനും സഹോദരിയുടെ മകനും വീടിനകത്ത് ടിവി കണ്ടു കൊണ്ടിരിക്കെ കുഞ്ഞിന് മുലയൂട്ടാനെന്ന് പറഞ്ഞ് മുറിയില്‍ കയറിയ ബിന്ദു അല്‍പസമയത്തിനകം പുറത്തിറങ്ങി.
അസ്വാഭാവികതയൊന്നും അനുഭവപ്പെടാത്തതിനാല്‍ ആരും ശ്രദ്ധിച്ചില്ല. ഇതിനിടയില്‍ സഹോദരിയുടെ മകന്‍ തൊട്ടിലിന് അരികിലെത്തിയപ്പോഴാണ് കുഞ്ഞിനെ ചലനമറ്റ് കിടക്കുന്നത് കണ്ടത്. രാമചന്ദ്രന്‍ നോക്കിയപ്പോള്‍ കുഞ്ഞിന് ജീവനില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് ബിന്ദുവിനെ അന്വേഷിച്ചപ്പോഴാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബിന്ദുവിന്‍റെ മൂത്ത മകന്‍ സംഭവസമയത്ത് വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. അമ്മയുടേയും കുഞ്ഞിന്‍റെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.