വീണയുടെ ബാങ്ക് ലോക്കറില്‍ ഇ ഡി പരിശോധന; നടപടി ശക്തമാക്കി അന്വേഷണസംഘം

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണാവിജയന്‍റെ ബാങ്ക് ലോക്കര്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിഗോധിക്കുന്നു. ആയുര്‍വേദ കോളേജിന്‍റെ മുന്നിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലെ ഓഫീസില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് വീണയുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധന. ഈ ബാങ്കിലാണ് സ്വര്‍ണത്തിന് ഉള്‍പ്പെടെ ലോക്കര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് വീണ മൊഴി നല്‍കിയിരുന്നു. നിലവില്‍ പരിശോധന തുടരുകയാണ്. നേരത്തെ, പിണറായി വിജയന്‍റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര സേനാംഗങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ബാങ്കിന് മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥ!ര്‍ തമ്പടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശോധനയുടെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. മാസപ്പടി കേസില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊച്ചിയിലെ ഓഫീസില്‍ 9 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ എഴുതി നല്‍കിയ ചോദ്യങ്ങള്‍ക്ക് എഴുതി നല്‍കിയ മറുപടികളാണ് വീണ നല്‍കിയത്. പിന്നീട് മൊഴി വായിച്ച് കേട്ട ശേഷമാണ് വീണ ഓഫീസ് വിട്ടത്. പങ്കാളിയും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാനെത്തിയത്. പുറത്തെ പരിശോധനകള്‍ക്ക് ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. പിന്നീടായിരുന്നു മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം വീണയ്ക്ക് സമന്‍സ് നല്‍കിയിരുന്നില്ല. എന്നാല്‍ കേസില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.