ദുര്‍ഗക്ക് അഭിമാനമായി മൂന്ന് യുവ ഐപിഎസുകാര്‍

കാഞ്ഞങ്ങാട്: മലബാറിലെ പ്രമുഖ വിദ്യാലയമായ കാഞ്ഞങ്ങാട് ദുര്‍ഗഹയര്‍സെക്കണ്ടറി സ്കൂളിന് അഭിമാനമായി മൂന്ന് യുവ ഐപിഎസ് ഉദ്യോഗസ്ഥര്‍. കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി നിയമിതനായ രാവണേശ്വരത്തെ പി.നിധിന്‍രാജ്, ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി നിയമിക്കപ്പെട്ട മാവുങ്കാലിലെ ടി.കെ വിഷ്ണുപ്രദീപ്, രാജസ്ഥാന്‍ ജോഡ്പൂര്‍ അഡ്മിനിസ്ട്രേഷന്‍ ഡിസിപി ബങ്കളത്തെ സി.ഷഹീന്‍ എന്നിവരാണ് കാഞ്ഞങ്ങാട് ദുര്‍ഗാസ്കൂളിന് അഭിമാനമാകുന്നത്. ഇതില്‍ നിധിന്‍രാജും വിഷ്ണുപ്രദീപും ഒരേ പഞ്ചായത്തുകാരാണ്. വിഷ്ണുപ്രദീപ് പ്ലസ്ടുവരെ ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് പഠിച്ചത്. നിധിന്‍രാജും ഷഹീനും പ്ലസ്ടുവിനാണ് ദുര്‍ഗയില്‍ വിദ്യാര്‍ത്ഥികളായെത്തിയത്. ഇവരില്‍ സീനിയര്‍ വിഷ്ണുപ്രദീപും ജൂനിയര്‍ ഷഹീനുമാണ്. നിധിനും വിഷ്ണുവും കേരളാകേഡറിലും ഷഹീന്‍ രാജസ്ഥാന്‍ കേഡറിലും ഐപിഎസ് ഉദ്യോഗസ്ഥരാണ്. ഇടുക്കി, കൊല്ലം ജില്ലാ പോലീസ് ചീഫ് ആയി പ്രവര്‍ത്തിച്ചതിനുശേഷമാണ് വിഷ്ണു പ്രദീപ് ആലപ്പുഴ ജില്ലാപോലീസ് ചീഫ് ആയി നിയമിതനാകുന്നത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി പ്രവര്‍ത്തിച്ച ശേഷമാണ് നിധിന്‍ രാജ് സ്വന്തം ജില്ലയുടെ പോലീസ് ചീഫ് ആകുന്നത്. രാവണീശ്വരം എക്കാലിലെ കളരിക്കാല്‍ രാജേന്ദ്രന്‍ നമ്പ്യാരുടെയും പി.ലതയുടെയും മകനാണ് നിധിന്‍ രാജ്. ഭാര്യ ഡോ.ലക്ഷ്മികൃഷ്ണന്‍. കോണ്‍ഗ്രസ് നേതാവ് മാവുങ്കാലിലെ അഡ്വ.ടി.കെ. സുധാകരന്‍റെയും ഡോ. എലിസബത്ത് സുധാകരന്‍റെയും മകനാണ് വിഷ്ണു പ്രദീപ്. ബങ്കളത്തെ വിമുക്തഭടന്‍ ഖാദര്‍ഹാജി-സമീറ ദമ്പതികളുടെ മകനാണ് ഷഹീന്‍. ഭാര്യ ഡോ.ഫിദ. സ്വന്തം ജില്ലയില്‍ തന്നെ നിധിന്‍രാജിന് പോലീസ് ചീഫായി നിയമനം ലഭിച്ചത് കാസര്‍കോട് ജില്ലക്കാര്‍ വലിയ അഭിമാനമായാണ് കാണുന്നത്.