പീഡനത്തിനിരയായതായി സംശയം; പത്താംക്ലാസുകാരി വിഷം കഴിച്ചു മരിച്ചു

പുത്തൂര്‍ : വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 15 വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ ഇലന്തില ഗ്രാമത്തിലെ പാറട്കയില്‍ ശ്രീധര്‍ കുംബാറിന്‍റെ മകള്‍ ഹര്‍ഷിതയാണ് (15) മരിച്ചത്. ഉപ്പിനങ്ങാടിയിലെ ഒരു ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹര്‍ഷിത നവംബര്‍ 4 ന് തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. വീട്ടില്‍ കീടനാശിനി കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി അസുഖം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ അവളെ പുത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി മംഗലാപുരത്തെ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഹര്‍ഷിത ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി. കടബയിലെ രാജേഷ് എന്നയാള്‍ ഫോണിലൂടെ ഹര്‍ഷിതയെ ശല്യപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഈ പീഡനമാകാം ഹര്‍ഷിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി കുട്ടിയുടെ പിതാവ് ശ്രീധര്‍ കുംബാര്‍ ഉപ്പിനങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.