നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരര്‍ക്കാവില്‍ പൂരോത്സവത്തോട് അനുബന്ധിച്ച് നടന്ന ശാലിയ പൊറാട്ട് ആക്ഷേപ ഹാസ്യങ്ങളുമായി പൊട്ടിച്ചിരിയുടെ വെടിക്കെട്ടിന് തിരികൊളുത്തി.
വൈകീട്ട് നാലുമണിയോടെ പൊറാട്ട് വേഷമണിഞ്ഞ് സമുദായത്തിലെ കലാകാരന്മാര്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ തൊഴുതുകൊണ്ടാണ് വായ്ത്താരികളും നര്‍മ്മ സല്ലാപങ്ങളുമായി തളിയില്‍ നീലകണ്ഠശ്വരനെ തൊഴുത് തൊഴാന്‍ പോകുമ്പോഴും വരുമ്പോഴും റോഡിന്‍റെ ഇരു കരകളില്‍ നില്‍ക്കുന്നവര്‍ക്ക് നേരെ ആക്ഷേപഹാസ്യം ചൊരിഞ്ഞു. ശാലിയ പൊറാട്ട് കാണാന്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. പരമ്പരാഗത വേഷങ്ങള്‍ക്കൊപ്പം ആധുനിക വേഷങ്ങളും ഇട കലര്‍ന്നതോടെ കാഴ്ചക്കാരെ പൊട്ടിച്ചിരിയില്‍ ആറാടിച്ചു. ആചാര വേഷമായ വാഴപോതി, പരമ്പരാഗത വേഷങ്ങളായ കല്‍പ്പണിക്കാരന്‍, കൊങ്ങിണി എന്നിവയ്ക്ക് പുറമേ കല്ലുമ്മക്കായ വില്പനക്കാര്‍ കശുവണ്ടി വില്‍പ്പനക്കാര്‍, വനദിനം, മുലപ്പാല്‍ ബാങ്ക്, തെരഞ്ഞെടുപ്പ് തുടങ്ങിയ സമകാലീന സംഭവങ്ങളും ആക്ഷേപഹാസ്യങ്ങളിലൂടെ അവതരിപ്പിച്ചു. പഴമയും ചിരിയും ചിന്തയും ഉണര്‍ത്തി.