മുളിയാറില്‍ ഒരേസമയത്ത് രണ്ട് പുലികളിറങ്ങി

കാസര്‍കോട്: പുലികളടക്കമുള്ള വന്യമൃഗഭീഷണി നേരിടുന്ന മുളിയാര്‍ നിവാസികളുടെ ആശങ്കയും ഭീതിയും അകലുന്നില്ല. മിനുറ്റുകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് രണ്ട് പുലികളെയാണ് യാത്രക്കാര്‍ കണ്ടത്. നെയ്യങ്കയം കാനത്തൂര്‍ റോഡില്‍ ഇന്നലെ രാത്രി ഏഴുമണിക്ക് ബെക്ക് യാത്രക്കാരനായ ഗംഗാധരനാണ് റോഡ് മുറിച്ചു കടക്കുന്ന പുലിയെ കണ്ടത്.

തൊട്ടു പിന്നാലെ കാറിലെത്തിയ ജയന്‍ എന്നയാളാണ് രണ്ടാമതൊരു പുലി കൂടി റോഡ് മുറിച്ച് കടക്കുന്നത് കണ്ടത്. ഇത് പുലിക്കുട്ടിയാണെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് നിന്ന് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാദങ്ങളുടെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുണ്ടൂച്ചി-വീട്ടിയടുക്കം റോഡിലെ ഈന്തപ്പന കാട്ടാന കടപുഴക്കി റോഡിലേക്കിട്ട നിലയിലും കാണപ്പെട്ടു. ഇത് കാരണം റോഡിലൂടെയുള്ള യാത്ര തടസ്സപ്പെട്ടു. നീരവളപ്പിലെ ഈശ്വര ഭട്ടിന്‍റെ തോട്ടത്തിലെത്തിയ ആന വ്യാപകമായ നാശം വരുത്തി.

മഞ്ചക്കല്ലില്‍ കഴിഞ്ഞ ദിവസവും കാട്ടുപോത്തിറങ്ങി. അഞ്ചു പോത്തുകളടങ്ങിയ സംഘമാണ് റോഡു കടന്നെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇത് വഴി യാത്ര ചെയ്യുകയായിരുന്ന ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ രാജന്‍റെ കാര്‍ കാട്ടുപോത്തിടിച്ച് തകര്‍ന്നിരുന്നു. അതേ സ്ഥലത്താണ് കാട്ടുപോത്തുകളിറങ്ങിയത്.