കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.പി.പ്രദീപ്കുമാറിന് വെള്ളരിക്കുണ്ട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ജോലി നിഷേധിച്ചതിനെ തുടര്‍ന്നുള്ള വിവാദം കത്തിനില്‍ക്കുന്നതിനിടെ പ്രദീപ്കുമാറിന് ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി സ്ഥാനക്കയറ്റം.
കാസര്‍കോട് ഡിസിസിയില്‍ മൂന്നാമത്തെ വൈസ് പ്രസിഡണ്ടാണ് ബി.പി.പ്രദീപ്കുമാര്‍. ജോലി നിഷേധിച്ച സംഭവത്തില്‍ ബാങ്ക് പ്രസിഡണ്ട് സെബാസ്റ്റ്യന്‍പതാലിക്കെതിരെ ബാങ്കിലെ ആറ് ഭരണസമിതി അംഗങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് 30 നാണ്. ഇതിനിടെ പ്രദീപ്കുമാറിന്‍റെ സ്ഥാനകയറ്റം അവിശ്വാസപ്രമേയ നടപടി തണുപ്പിക്കാനാണെന്നും യൂത്ത് കോണ്‍ഗ്രസുകാരെ പ്രീതിപ്പെടുത്താനാണെന്നും കോണ്‍ഗ്രസുകാരുടെ ഇടയിലും യൂത്ത് കോണ്‍ഗ്രസുകാരുടെ ഇടയിലും ചര്‍ച്ചയുണ്ട്. എന്നാല്‍ ബി.പി.പ്രദീപ്കുമാറിന്‍റെ കഴിഞ്ഞകാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് ജില്ലാ വൈസ് പ്രസിഡണ്ടായി നോമിനേറ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കാര്‍ഷിക വികസനബാങ്കിലെ അവിശ്വാസപ്രമേയം പാസാകാതിരിക്കാന്‍ അവിശ്വാസപ്രമേയനോട്ടീസില്‍ ഒപ്പുവെച്ച ഭരണസമിതി അംഗങ്ങളെ പിന്തിരിപ്പിക്കാന്‍ കാസര്‍കോട് ഡിസിസി അഞ്ചംഗങ്ങളടങ്ങുന്ന സബ്കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഭരണസമിതി അംഗങ്ങളെ അവിശ്വാസപ്രമേയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സബ്കമ്മറ്റി അതീവ രഹസ്യമായി കരുക്കള്‍ നീക്കുന്നുണ്ട്. പൊള്ളയെങ്കിലും വിവിധ വാഗ്ദാനങ്ങള്‍ നല്‍കി ഭരണസമിതിയെ പിന്തിരിപ്പിക്കാനാണ് പ്രധാനശ്രമം. ഇതുകൂടാതെ അവിശ്വാസം നല്‍കിയ ഭരണസമിതി അംഗങ്ങള്‍ക്ക് കരുത്തുപകരുന്ന ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജുകട്ടക്കയം, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന്‍ ബേളൂര്‍, കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് മനോജ് തോമസ് എന്നിവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജുകട്ടക്കയത്തിന് കാഞ്ഞങ്ങാട് സീറ്റ് വാഗ്ദാനം ചെയ്യാനാണ് ഇവരുടെ ഇടയിലുള്ള ആലോചന. സംസ്ഥാനതലത്തിലുള്ള ചര്‍ച്ചയിലാണ് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്ന് അറിയാവുന്ന രാജുകട്ടക്കയം അഞ്ചംഗസംഘത്തിന്‍റെ വാഗ്ദാനങ്ങളില്‍ കുടുങ്ങാനുള്ള സാധ്യത വിരളമാണ്.