ചിത്താരി: കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരിയും മതസാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത ചിത്താരിയിലെ കൂളിക്കാട് കുഞ്ഞബ്ദുള്ളാഹാജി (84) അന്തരിച്ചു. ഇന്ന് രാവിലെ വസതിയിലായിരുന്നു അന്ത്യം. രാവിലെ ചായകുടിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നതിനിടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.
വ്യാപാര മേഖലയില്‍ കുഞ്ഞബ്ദുള്ളാഹാജിയുടെ ചുവടുവെപ്പുകളും വളര്‍ച്ചയും അതിശയിപ്പിക്കുന്നതായിരുന്നു. സഹോദരങ്ങളെ വ്യാപാരരംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് കുഞ്ഞബ്ദുള്ളാഹാജിയാണ്. പുകയില വ്യാപാരത്തില്‍ തുടങ്ങി കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ വ്യാപാര ശൃംഖലകളുടെ കുലപതിയായി വാഴുകയായിരുന്നു കുഞ്ഞബ്ദുള്ളാഹാജി. 1984 ല്‍ മംഗലാപുരത്ത് സ്ഥാപിച്ച ഹോട്ടല്‍ വ്യാപാര കെട്ടിട സമുഛയം മലയാളികളുടെ അഭിമാനമായി മാറിയിരുന്നു. കാഞ്ഞങ്ങാട് പടര്‍ന്ന് പന്തലിച്ച കൂളിക്കാട് ഗ്രൂപ്പ് സ്ഥാപനങ്ങളുടേയെല്ലാം വളര്‍ച്ചയില്‍ കുഞ്ഞബ്ദുള്ളാഹാജിയുടെ നേതൃത്വവും ബുദ്ധിയും അര്‍പ്പണബോധവുമാണ്. വാര്‍ദ്ധക്യം ബാധിച്ചതോടെ ഏതാനും വര്‍ഷമായി ഉച്ചവരെ വീട്ടിലിരുന്ന് ഫോണിലൂടെ കച്ചവടം നടത്തും. ഉച്ചക്ക് ശേഷം കടയില്‍ പോയി മണിക്കൂറുകളോളം ബിസിനസ് നടത്തും. ഇതായിരുന്നു രീതി. ടൈല്‍സ് ആന്‍റ് സാനിറ്ററി ഡീലേഴ്സ് ജില്ലാ പ്രസിഡണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ് പ്രസിഡണ്ടുമായിരുന്നു.
നന്നേ ചെറുപ്പത്തില്‍ തന്നെ മുസ്ലീംലീഗിന്‍റെ നേതൃനിരയിലെത്തിയ കുഞ്ഞബ്ദുള്ള ഹാജി 1957 ല്‍ ഇഎംഎസ് മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ച് 10 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരനായി. 1974 ല്‍ മുസ്ലീംലീഗില്‍ ഉണ്ടായ പിളര്‍പ്പില്‍ കുഞ്ഞബ്ദുള്ളാഹാജി അഖിലേന്ത്യാ മുസ്ലീംലീഗിന്‍റെ പക്ഷത്ത് നിലയുറച്ചു. മുസ്ലീംലീഗിന്‍റെ പിളര്‍പ്പിന്ശേഷം പുനര്‍ ഏകീകരണം ഉണ്ടായപ്പോള്‍ ലീഗിന്‍റെ കാഞ്ഞങ്ങാട് മേഖലയിലെ നേതൃനിരയില്‍ കുഞ്ഞബ്ദുള്ളഹാജിയുടെ സജീവ സാന്നിധ്യമുണ്ടായി. 1992 ല്‍ ബാബരിമസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുണ്ടായ രാഷ്ട്രീയ ധ്രുവീകരണം മുസ്ലീംലീഗിനേയും ബാധിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായി ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍റെ നേതൃത്വത്തില്‍ രൂപീകൃതമായ ഇന്ത്യന്‍ നാഷണല്‍ ലീഗുമായി ആദ്യഘട്ടത്തില്‍ കുഞ്ഞബ്ദുള്ളാഹാജി സഹകരിച്ചുവെങ്കിലും അധികം വൈകാതെ മുസ്ലീംലീഗിലേക്ക് മടങ്ങുകയാണുണ്ടായത്. 1982 മുതല്‍ തുടര്‍ച്ചയായി ഏറെക്കാലം സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് സെക്രട്ടറി, പ്രസിഡണ്ട് പദവികള്‍ വഹിച്ചു. മദ്രസാ മാനേജിംഗ് കമ്മറ്റി ജില്ലാ ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിച്ചു. അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, ക്രസന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നീ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട് മുസ്ലീംയത്തീംഖാനയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എയുപി സ്കൂള്‍ കറസ്പ്പോണ്ടന്‍റും മാനേജരുമായിരുന്നു. 1980 മാര്‍ച്ച് 19 ന് ഉണ്ടായ തീവണ്ടി അപകടത്തില്‍ കുഞ്ഞബ്ദുള്ളാഹാജിയുടെ ഒരുകാല്‍ നഷ്ടപ്പെട്ടിരുന്നു. ബിസിനസ് ആവശ്യാര്‍ത്ഥം കോയമ്പത്തൂരിലേക്ക് പോയ കുഞ്ഞബ്ദുള്ളാഹാജി മടങ്ങി വരുന്നതിനിടയില്‍ ചെറുവത്തൂരില്‍ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ നിന്നും ഇറങ്ങുമ്പോള്‍ കാല്‍ തീവണ്ടിക്കും തീവണ്ടിപാളത്തിനും ഇടയില്‍ അകപ്പെട്ടാണ് അപകടം. അക്കാലത്ത് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പുണ്ടായിരുന്നില്ല. ചെറുവത്തൂരില്‍ വണ്ടി നിര്‍ത്തി പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് കുഞ്ഞബ്ദുള്ളാഹാജി ഉറക്കം ഉണര്‍ന്ന് പെട്ടെന്ന് ഇറങ്ങാന്‍ ശ്രമിച്ചത്. പിന്നീട് മംഗലാപുരം യൂണിറ്റി ആശുപത്രിയിലെ ദീര്‍ഘനാളത്തെ ചികിത്സക്ക് ശേഷമാണ് ചിത്താരിയില്‍ തിരിച്ചെത്തിയത്. ഏറെക്കാലം പൊയ്ക്കാലിന്‍റെ സഹായത്തോടെയാണ് സഞ്ചരിച്ചിരുന്നത്. കാഞ്ഞങ്ങാട് ദുര്‍ഗാഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1957 ല്‍ എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കി. പരേതരായ കൂളിക്കാട് മമ്മൂഞ്ഞി-ബാരിക്കാട് ആമിന ദമ്പതികളുടെ മകനാണ്. പരേതനായ ബടക്കന്‍ അഹമ്മദ് ഹാജിയുടെ മകള്‍ ഹലീമയാണ് ഭാര്യ. മക്കള്‍: വ്യാപാരിയായ ഹബീബ്, ആമിന, ഷമീമ, സൈമൂജ. മരുമക്കള്‍: മുസ്ലീംലീഗ് ദേശീയ സമിതി അംഗം എ.ഹമീദ് ഹാജി (അജാനൂര്‍), എസ്.പി.മുഹമ്മദലി ഹാജി(ചെറുവത്തൂര്‍), മുജീബ് തളങ്കര(കാസര്‍കോട്), സാജിദ(ചിത്താരി). സഹോദരങ്ങള്‍: കാഞ്ഞങ്ങാട്ടെ പ്രസ്റ്റീജ് ഹാര്‍ഡ് വേഴ്സ് ഉടമ അബ്ദുള്‍ ഖാദര്‍, കൂളിക്കാട് ഹാര്‍ഡ്വേഴ്സ് ഉടമ കുഞ്ഞഹമ്മദ്, കൂളിക്കാട് ട്രേഡ് ലിങ്ക്സ് ഉടമ ഇബ്രാഹിം, കൂളിക്കാട് എന്‍റര്‍പ്രൈസസ് ഉടമ സൈനുദ്ദീന്‍, ചിത്താരി സ്റ്റോര്‍ ഉടമ അബ്ദുള്‍റഹിമാന്‍ ഹാജിയുടെ ഭാര്യ ഫാത്തിമ, ചിത്താരി ബാരിക്കാട്ടെ മീത്തല്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ അലീമ, പരേതരായ അബ്ബാസ്, പരേതനായ പാലക്കി മൊയ്തുഹാജിയുടെ ഭാര്യ ആയിഷ, പരേതനായ മടിയനിലെ കൂളിക്കാട് അബ്ദുള്‍ റഹിമാന്‍ ഹാജിയുടെ ഭാര്യ മറിയം, കോട്ടിക്കുളത്തെ പരേതനായ കരിപ്പോടി മൂസയുടെ ഭാര്യ ഖദീജ. പോണ്ടിച്ചേരിയിലുള്ള മകള്‍ എത്തിയശേഷം ഖബറടക്കും. കുഞ്ഞബ്ദുള്ളാഹാജിയുടെ മരണത്തില്‍ ദുഃഖസൂചകമായി ടൈല്‍സ് ആന്‍റ് സാനിറ്ററി വെയേഴ്സ് വ്യാപാരികള്‍ ഇന്ന് 3 മുതല്‍ ജില്ലയില്‍ ഹര്‍ ത്താല്‍ ആചരിക്കും.