കാഞ്ഞങ്ങാട്: റിട്ട. പോലീസ് സൂപ്രണ്ട് പടന്നക്കാട്ടെ ടി.വി.കുഞ്ഞിക്കണ്ണന്‍(84) അന്തരിച്ചു. പടന്നക്കാട് ബേക്കല്‍ ക്ലബ്ബിന്‍റെ സ്ഥാപക പ്രസിഡണ്ടാണ്. ആലുവ റൂറല്‍ എസ്പിയായാണ് വിരമിച്ചത്. മാങ്ങാട്ടുപറമ്പ കെഎ പി ബെറ്റാലിയന്‍റെ കമാന്‍ററായും ഏറെക്കാലം കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായും സേവനം അനുഷ്ടിച്ചു. നിലമ്പൂരില്‍ സിഐയായിരിക്കെ ഇദ്ദേഹം സഞ്ചരിച്ച ജീപ്പിന് നെക്സലൈറ്റ് സംഘം തീവെച്ചിരുന്നു. അന്ന് ശരീരത്തില്‍ പൊള്ളലേറ്റ ടി.വി.കുഞ്ഞിക്കണ്ണന്‍ നേരിയ വ്യത്യാസത്തിലാണ് നെക്സലൈറ്റ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. മരിക്കും വരെ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പൊള്ളലേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. ടി.വി.കുഞ്ഞിക്കണ്ണന്‍റെയും ഏതാനും സുഹൃത്തുക്കളുടെയും മനസിലുദിച്ച ആശയമായിരുന്നു കാഞ്ഞങ്ങാട്ട് ഒരു റിക്രിയേഷന്‍ ക്ലബ്ബ്. 1998 ല്‍ ബേക്കല്‍ ക്ലബ്ബ് രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രഥമ യോഗം ടി.വി.കുഞ്ഞിക്കണ്ണന്‍റെ വസതിയിലാണ് ചേര്‍ന്നത്. ടി.വി.കുഞ്ഞിക്കണ്ണന് പുറമെ പ്രമുഖ കോണ്‍ട്രാക്ടര്‍ എം.ശ്രീകണ്ഠന്‍നായര്‍, ബെസ്കോര്‍ട്ട് കമ്പനി ഉടമ വി.കെ.എ കരീം, എം.ആര്‍.നമ്പ്യാര്‍, ബാബു രാജേന്ദ്രഷേണായി, ഡോ.കെ.ജി.പൈ, കെആര്‍.ബല്‍രാജ്, ശ്രീനിവാസ ഷേണായി, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ താരാനാഥ്, എച്ച്.എസ്.കാമത്ത്, ഹേമമാലിനി കണ്ണന്‍ എന്നിവരാണ് ആദ്യ യോഗത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ക്ലബ്ബിന്‍റെ വളര്‍ച്ചക്ക് അഹോരാത്രം പ്രയത്നിച്ചു. ക്ലബ്ബിനെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുക്കുന്നതിന് ടി.വി.കുഞ്ഞിക്കണ്ണന്‍ നല്‍കിയ സംഭാവന വിസ്മരിക്കാന്‍ കഴിയില്ല. ഘട്ടംഘട്ടമായി ഏക്കര്‍കണക്കിന് ഭൂമിവാങ്ങി ലോഡ്ജും കോട്ടേജുകളും ഓഡിറ്റോറിയങ്ങളും ബാഡ്മിന്‍റണ്‍ ഇന്‍ഡോര്‍ കോര്‍ട്ടും സ്ഥാപിച്ചു. ഇപ്പോള്‍ വടക്കന്‍ കേരളത്തിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ് ബേക്കല്‍ ക്ലബ്ബ്.
ഭാര്യമാര്‍: സുനന്ദ കുഞ്ഞിക്കണ്ണന്‍, പരേതയായ ഹേമമാലിനി. മക്കള്‍: ഡോ. ഷര്‍മിള കണ്ണന്‍, ഡോ.ആദര്‍ശ കണ്ണന്‍, ട്വിങ്കിള്‍ കണ്ണന്‍, പ്രിയങ്ക കണ്ണന്‍. മരുമക്കള്‍: കെ.ആര്‍ ബല്‍രാജ്(ജോളി ബേക്കറി, കാഞ്ഞങ്ങാട്), കേണല്‍ അമര്‍നാഥ് വിജയന്‍(പാട്യം കണ്ണൂര്‍), കേണല്‍ സ്വാതി കുമാര്‍(ഹൈദരാബാദ്), പ്രജീഷ് അപ്പുക്കുട്ടന്‍(പടന്നക്കാട്). സഹോദരങ്ങള്‍: ടി.വി ജാനകി, പരേതരായ ടി.വി കല്യാണി, ടി.വി.രുഗ്മിണി, തമ്പായി. മൃതസംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.