നിര്‍മ്മാണ കമ്പനിയുടെ തലതിരിഞ്ഞ നടപടി : നീലേശ്വരത്ത് ഗതാഗതക്കുരുക്ക് രൂക്ഷം

നീലേശ്വരം : ദേശീയപാതയില്‍ നീലേശ്വരം മാര്‍ക്കറ്റ് ജംങ്ങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. ദേശീയ പാത നിര്‍മ്മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സ് നടപ്പിലാക്കിയ അശാസ്ത്രീയ സംവിധാനമാണ് ഗതാഗതകുരുക്കിന് കാരണം. അടിപ്പാത നിര്‍മ്മാണവും ഇരുവശങ്ങളിലായി മേല്‍പ്പാല നിര്‍മ്മാണവും നടക്കുന്ന നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ ദിക്കറിയാതെ നട്ടംതിരിയുകയാണ് സര്‍വ്വീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍. കോട്ടപ്പുറം ഭാഗത്തേക്കുള്ള റോഡും സര്‍വ്വീസ് റോഡുകളും തിരിച്ചറിയാതെ വാഹനങ്ങള്‍ വഴി തെറ്റിപ്പോവുകയാണ്. ചെറുവത്തൂര്‍ ഭാഗത്തുനിന്ന് നീലേശ്വരം രാജാറോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങള്‍ കോട്ടപ്പുറം ജംങ്ഷനിലെത്തി തിരികെ വരണം. കോട്ടപ്പുറത്തുനിന്നുള്ള വാഹനങ്ങളും, ചെറുവത്തൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങളും രാജാറോഡിലേക്ക് യൂ ടേണ്‍ ചെയ്യുമ്പോള്‍ കാഞ്ഞങ്ങാട് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ സാധിക്കില്ല. ഇത് ഇരുവശത്തും മണികൂറുകള്‍ നീളുന്ന ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നു. നീലേശ്വരം ബസ് സ്റ്റാന്‍റില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകാനും പോലീസ് സ്റ്റേഷന് മുന്നിലെത്തി യുടേണ്‍ ചെയ്ത് വരണം. എല്ലാ സ്ഥലത്തും ദിശാ സൂചകങ്ങളോ സൂചനാ ബോര്‍ഡുകളോ സ്ഥാപിക്കാത്തതും കുരുക്ക് രൂക്ഷമാക്കുന്നു. ദേശീയപാത നിര്‍മ്മാണ കരാറുകാര്‍ കൃത്യമായ സുരക്ഷ സംവിധാനങ്ങളൊ, സൂചനാ ബോര്‍ഡുകളോ സ്ഥാപിക്കാത്തത് നിരവധി അപകടങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ നഗരസഭയുടെ പിടിപ്പുകേട് മൂലം അവതാളത്തിലായ നഗരത്തിലെ റിംഗ് റോഡ് നിര്‍മ്മാണത്തിന്‍റെ സ്തംഭനാവസ്ഥ മൂലവും ജനജീവിതം ദുസഹമായിരിക്കുകയാണ്. എല്ലാം കൊണ്ട് അതിരൂക്ഷമായ ഗതാഗത കുരുക്കാണ് നീലേശ്വരത്ത് അനുഭവപ്പെടുന്നത്. വാഹനങ്ങള്‍ക്കൊപ്പം തന്നെ കാല്‍നട യാത്രക്കാരും വലിയ ദുരിതത്തിലാണ്. വ്യാപാര സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലാണ്.