നീലേശ്വരം : പാലക്കാട്ട് ജനിച്ച് കോഴിക്കോട്ടും ആലുവയിലുമായി പഠിച്ച് പിന്നീട് നീലേശ്വരത്ത് സ്ഥിരതാമസമാക്കി കാസര്‍കോട് ജില്ലയിലെ പ്രത്യേകിച്ച് നീലേശ്വരത്തിന്‍റെ ഹൃദയം കവര്‍ന്ന ജനകീയ ഡോക്ടറെയാണ് ഇന്നലെ നഷ്ടപ്പെട്ടത്. പ്രമുഖ വിഷചികിത്സകനായ ഡോ. ഹരിദാസ് വേര്‍ക്കോട്ടിന്‍റെ (81) വേര്‍പാട് വടക്കന്‍ കേരളത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല.
നീലേശ്വരം ചിറപ്പുറത്തെ ഡോ. ഹരിദാസിന് മറ്റ് അലോപ്പതി ഡോക്ടര്‍മാരില്‍നിന്ന് എന്താണ് പ്രത്യേകത? എല്ലാവരും രോഗിയെ ചികിത്സിക്കുന്നതു പോലെ അദ്ദേഹവും ചികിത്സിക്കുന്നു. പക്ഷേ, ചെറിയ വ്യത്യാസം. അദ്ദേഹത്തിന്‍റെ രോഗികളില്‍ ഭൂരിപക്ഷം പേരും പാമ്പുകടിയേറ്റവരാണ്. അലോപ്പതിയില്‍ പാമ്പുകടിക്ക് പ്രത്യേക പഠനവിഭാഗം ഒന്നുമില്ല. ടോക്സിക്കോളജി എന്ന വിഭാഗത്തിലാണ് ഇതുള്‍പ്പെടുന്നത്. എം.ബി.ബി.എസ്സിനു ശേഷം ചികിത്സതുടങ്ങുമ്പോള്‍ ഡോ. ഹരിദാസിന് ആദ്യം നേരിടേണ്ടിവന്നത് ഗുരുതരമായി പാമ്പുകടിയേറ്റ ചിലരെയായിരുന്നു. പിന്നെയും എത്തിയത് പാമ്പുകടിയേറ്റയാള്‍ തന്നെ. ഗുരുതരമായി വിഷം തീണ്ടിയ ആള്‍ രക്ഷപ്പെട്ടതോടെ പാമ്പുകടിക്ക് ചികിത്സിക്കുന്ന ഡോക്ടര്‍ എന്ന നിലയിലായി പേര്. എന്നാല്‍ തുടര്‍ ഗവേഷണം അതില്‍ തന്നെയെന്ന് ഡോക്ടറും തീരുമാനിച്ചു. സാധാരണ രോഗങ്ങളുടെ ചികിത്സയ്ക്കൊപ്പം പാമ്പുകടി ചികിത്സയില്‍ പഠനം തുടങ്ങി. കിട്ടാവുന്ന ഗ്രന്ഥങ്ങളെല്ലാം സംഘടിപ്പിച്ച് വായിച്ചു. ഇതുവരെ 25,000ത്തിലധികം പേരെ ചികിത്സിച്ചു. അത് ഒരു എം.ബി.ബി.എസ് ഡോക്ടറെ സംബന്ധിച്ചിടത്തോളം റിക്കാര്‍ഡാണ്. കേരളത്തിനകത്തും പുറത്തും മാത്രമല്ല ഗള്‍ഫിലും അമേരിക്കയിലുമുള്‍പ്പെടെ ഡോക്ടര്‍ ഇപ്പോള്‍ അറിയപ്പെടുന്നു. ഡോക്ടറുടെ കൈപ്പുണ്യം കേട്ടറിഞ്ഞ ബി.ബി.സി. സംഘം നീലേശ്വരത്ത് എത്തി അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പൂര്‍ത്തിയാക്കി.
പാലക്കാട് ജില്ലയിലെ കോങ്ങാട് സ്വദേശിയായ ഡോക്ടര്‍ ഹരിദാസ് വെര്‍ക്കോട്ട്, നീലേശ്വരംകാരനായി മാറിയിട്ട് 40 വര്‍ഷമായി. 1968ല്‍ എം.ബി.ബി.എസ്. പഠനത്തിന് ശേഷം വയനാട്ടിലെ 'ഫാത്തിമ മിഷന്‍' ആശുപത്രിയിലായിരുന്നു തുടക്കം. പാമ്പുകടിയേറ്റ ഒരു രോഗിയാണ് ആദ്യം ചികിത്സ തേടിയെത്തിയത്. കോഴിക്കോട്ടുനിന്ന് ജോലിയില്‍ പ്രവേശിക്കാന്‍ വരുമ്പോള്‍ വാങ്ങിയിരുന്ന 'ആന്‍റി സ്നേക്ക് വെനം' കൈവശമുണ്ടായിരുന്നതിനാല്‍ രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞു. കേവലം 11 രൂപയായിരുന്ന മരുന്നിന് ഇപ്പോള്‍ 480 രൂപയാണ്. 1971 നവംബറില്‍ പി.എസ്.സി. വഴി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ആദ്യനിയമനം മടിക്കൈ സര്‍ക്കാര്‍ ഗ്രാമീണ ഡിസ്പെന്‍സറിയിലായിരുന്നു. അന്ന് തുടങ്ങിയതാണ് നീലേശ്വരം ചിറപ്പുറവുമായുള്ള വൈകാരികബന്ധം. അഞ്ച് വര്‍ഷം മടിക്കൈയില്‍ ജോലിചെയ്തു. തുടര്‍ന്ന് മൂന്നുവര്‍ഷം നീലേശ്വരം തൈക്കടപ്പുറത്തും പിന്നീട് മൂന്നു വര്‍ഷം കരിന്തളം സര്‍ക്കാര്‍ ഡിസ്പെന്‍സറികളിലും സേവനം. 11 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസിന് വിട ചൊല്ലി, ചിറപ്പുറത്ത് സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. ഡോക്ടറുടെ ജീവിതത്തിലെ വഴിത്തിരിവ് ഇവിടെ തുടങ്ങുന്നു. ചിറപ്പുറത്ത് താമസം തുടങ്ങിയ ആദ്യദിനം കേട്ട വാര്‍ത്ത, പ്രദേശത്തെ ഒരു കുട്ടി പാമ്പുകടിയേറ്റു മരിച്ചതായിരുന്നു. പിന്നീട് മടിക്കൈയിലെ ഒരു പഞ്ചായത്ത് ജീവനക്കാരനാണ് പാമ്പുകടിയേറ്റ് തന്നെ ആദ്യമായി സമീപിച്ചതെന്ന് ഡോക്ടര്‍ ഓര്‍ക്കുന്നു. 43 വര്‍ഷക്കാലത്തെ ചികിത്സയില്‍ 25,000 രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട് ഇദ്ദേഹത്തിന്. 'പാമ്പുകടിയേറ്റ് തന്‍റെ അടുത്തെത്തിച്ച ഏഴോ എട്ടോ പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. രോഗിയെ ചികിത്സയ്ക്കായി എത്തിക്കുന്നതിലുള്ള കാലതാമസമായിരുന്നു അതിന് കാരണം' അദ്ദേഹം പറയുന്നു. അതേസമയം പാമ്പുകടിയേറ്റു എന്നു പറഞ്ഞ് വരുന്നവരില്‍ പലര്‍ക്കും ചികിത്സ ആവശ്യമുണ്ടാകാറില്ല. പേടി കൊണ്ടാണ് പലരും ചികിത്സയ്ക്കായി എത്തുന്നത്. വിഷം അകത്തുചെന്നാല്‍ മാത്രമേ ചികിത്സ ആവശ്യമുള്ളൂ. വില കൂടിയ പ്രതിവിഷമായ ആന്‍റി സ്നേക്ക് വെനം (പോളി വെലന്‍റ്) ആണ് ഉപയോഗിച്ചുവരുന്നത്. തന്‍റെ ചികിത്സയ്ക്കുള്ള അംഗീകാരം, ജീവന്‍ തിരിച്ചുകിട്ടിയവരുടെ പ്രാര്‍ഥനയും അനുഗ്രഹവുമാണെന്ന് ഡോക്ടര്‍ ഹരിദാസ് വിശ്വസിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയിലെ ക്ലിനിക്കല്‍ മെഡിസിന്‍ തലവന്‍ പ്രൊഫ. ഡേവിഡ് വാറനും ഡോക്ടര്‍ ഹരിദാസ് വെര്‍ക്കോട്ടിനും 2005 ഫിബ്രവരിയില്‍ മംഗലാപുരം ഒമേഗ ആശുപത്രിയില്‍ സ്വീകരണം നല്‍കിയിരുന്നു. വിദേശിയും ഇപ്പോള്‍ ചെന്നൈയിലുള്ള പ്രശസ്ത പാമ്പുവളര്‍ത്തല്‍ വിദഗ്ധനുമായ റോമിലസ് വിറ്റാര്‍ക്കര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഡോക്ടറെ കാണാന്‍ നീലേശ്വരത്ത് വന്നിരുന്നു. വിദേശങ്ങളില്‍ പോലുമുള്ള ഡോക്ടര്‍ ഹരിദാസിന്‍റെ പേരും പെരുമയുമാണ് വിറ്റാര്‍ക്കറുടെ വരവിന് പ്രേരണയായത്. മുംബൈ, ചെന്നൈ, ഷിമോഗ, മംഗലാപുരം, സുള്ള്യ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നു പോലും രോഗികള്‍ ഡോക്ടറെ തേടി എത്താറുണ്ട്.