വ്യാപാരിയുടെ മരണം: കരാറുകാരന്‍ അറസ്ററില്‍

കാഞ്ഞങ്ങാട്: നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ് അലുമിനീയം ഫാബ്രിക്കേഷന്‍ സ്ഥാപന ഉടമ മരിച്ച കേസില്‍ കരാറുകാരന്‍ അറസ്റ്റില്‍. പുല്ലൂര്‍ പുളിക്കാലിലെ നരേന്ദ്രനെയാണ് (57) മനഃപൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം ചുമത്തി ഹൊസ്ദുര്‍ഗ്ഗ് പോലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാര്‍ അറസ്റ്റു ചെയ്തത്. വെള്ളിക്കോത്ത്, പെരളം സ്വദേശിയും മഡിയനിലെ അലുമിനീയം ഫാബ്രിക്കേഷന്‍ ഷോപ്പ് ഉടമയുമായ ഏഴുപ്ലാക്കല്‍ റോയ് ജോസഫ് (48)മരണപ്പെട്ട കേസിലാണ് അറസ്റ്റ്. മാവുങ്കാല്‍ മൂലക്കണ്ടത്ത് പണിയുന്ന മൂന്നുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ഞായറാഴ്ചയാണ് റോയ് ജോസഫ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടയില്‍ നരേന്ദ്രന്‍ തന്നെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേയ്ക്ക് തള്ളിയിടുകയായിരുന്നുവെന്നു റോയ് ജോസഫ് കൂടെ ഉണ്ടായിരുന്ന ഭാര്യ ജിന്‍സിയോടും സുഹൃത്ത് പി.വി.ഷാജിയോടും പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്‍റെ കരാറുകാരനായ നരേന്ദ്രനെതിരെ ഹൊസ്ദുര്‍ഗ്ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ചികിത്സയ്ക്കിടയില്‍ ഇന്നലെ പുലര്‍ച്ചെ മംഗലാപുരത്തെ ആശുപത്രിയില്‍വെച്ച് റോയ് ജോസഫ് മരണപ്പെട്ടു. തുടര്‍ന്ന് നരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് മനഃപൂര്‍വ്വം അല്ലാത്ത നരഹത്യാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. മൂന്നാം നിലയുടെ പാരപെറ്റിന് ബലം കുറവാണെന്ന് പറഞ്ഞ് ക്ഷുഭിതനായ റോയ് ജോസഫുമായി നരേന്ദ്രന്‍ വാക്കേറ്റമുണ്ടായി. ഇവര്‍തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഇതിനിടയില്‍ റോയ് ജോസഫ് മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഉയരത്തില്‍ നിന്നുണ്ടായ വീഴ്ച മൂലം ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതാണ് റോയ് ജോസഫിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. മലര്‍ന്നാണ് വീണത്. കീഴ്വയറ്റില്‍ ചവിട്ടേറ്റതെന്ന് സംശയിക്കുന്ന പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് 7 മണിയോടെ വെള്ളിക്കോത്തെ വസതിയില്‍ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ ആലക്കോട് പരപ്പ നെടുവോട്ടെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് 4 മണിവരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് പരപ്പ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ സംസ്ക്കരിക്കും.