കാസര്‍കോട്: ട്രെയിനിന് മുന്നില്‍ ചാടാനൊരുങ്ങിയ പെണ്‍കുട്ടിയുടെ ശ്രമം പാളി. സംഭവം കണ്ട ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ഓടിപ്പോയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ റെയില്‍വേ പോലീസും പിങ്ക് പോലീസും ശ്രമം തുടങ്ങി. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ച് മലബാര്‍ എക്സ്പ്രസ് ട്രെയിനിന് ചാടാനൊരുങ്ങിയ പെണ്‍കുട്ടി തലനാരിഴയ്ക്കാണ് ട്രെയിന്‍ ഇടിക്കാതെ രക്ഷപ്പെട്ടത്. ട്രെയിന്‍ വരുമ്പോള്‍ പെണ്‍കുട്ടി ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ഒച്ചവച്ചതോടെ പെണ്‍കുട്ടി ട്രാക്ക് മുറിച്ചു കടന്നു. അപ്പോഴേക്കും ട്രെയിന്‍ കടന്നു പോയി. പിന്നീട് നാട്ടുകാര്‍ പെണ്‍കുട്ടിയെ തടഞ്ഞുവച്ചു കാര്യമന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. പിന്നീട് പെണ്‍കുട്ടി പാളത്തിലൂടെ ഓടിപ്പോവുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. റെയില്‍വേ പോലീസും ആര്‍പിഎഫും, പിങ്ക് പോലീസും മംഗലാപുരം ഭാഗത്ത് ഒരുകിലോമീറ്ററോളം തെരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. നീല ജീന്‍സും ചുവപ്പ് ടീഷര്‍ട്ടുമാണ് പെണ്‍കുട്ടിയുടെ വേഷം. പെണ്‍കുട്ടിയെ രാവിലെ റെയിവേ സ്റ്റേഷനില്‍ കണ്ടതായി ചില യാത്രക്കാര്‍ പറഞ്ഞു. വീണ്ടും ട്രെയിനിന് ചാടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് തെരച്ചില്‍ നടത്തുകയാണ്.